തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസറ്റ് ഡി. കുപ്പുദേവരാജിനു ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബ, തമിഴ് തീവ്രവാദി സംഘടന എല്‍.ടി.ടി.ഇ എന്നിവയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. ആദ്യം ലഷ്കര്‍ ഇ ത്വയ്ബ അംഗമായിരുന്ന കുപ്പു ദേവരാജ് പിന്നീട് തമിഴ് തീവ്രവാദ സംഘടന എല്‍.ടി.ടി.ഇയുടെ വിങ് കമാന്‍ഡറായി. നക്സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ കുപ്പു ദേവരാജ് പതിനെട്ടോളം ആയുധധാരികളോടൊപ്പമായിരുന്നു നിലമ്പൂര്‍ വനത്തിലെത്തിയത്.
രാജ്യത്തെ ഞെട്ടിച്ച 1988-ലെ തമിഴ്നാട്ടിലെ മധുര ബാങ്ക് കവര്ച്ചയ്ക്കുപിന്നിലും കുപ്പു ദേവരാജിന്റെ ബുദ്ധിയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്പു ദേവരാജ് കോടികളുടെ സ്വത്തിന്റെ അധിപനാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കുപ്പുദേവരാജിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് ഒന്നേകാല്‍ക്കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ 50 ലക്ഷം രൂപ, ഛത്തീസ്ഗഡ് 40 ലക്ഷം രൂപ, ഝാര്‍ഖണ്ഡ് 25 ലക്ഷം രൂപ, ആന്ധ്രാപ്രദേശ് 12 ലക്ഷം രൂപ, ഉത്തര്‍പ്രദേശ് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
Discussion about this post