കശ്മീര്‍: കശ്മീരിലെ സാംബ അതിര്‍ത്തി പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറുന്ന തുരങ്കം ബിഎസ്എഫ് സേന കണ്ടെത്തി. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഈ തുരങ്കം വഴിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഭീകരര്‍ രാജ്യത്തിലേക്ക് നുഴഞ്ഞ് കയറിയതെന്ന് ബിഎസ്എഫ് ഡയറകടര്‍ ജനറല്‍ കെ കെ ശര്‍മ്മ അറിയിച്ചു. സാംബ പ്രദേശത്തുണ്ടായ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും തുരങ്കത്തെക്കുറിച്ചും അതിര്‍ത്തിയിലെ പാക് സൈനിക ഉദ്യോഗസ്ഥരെ വിവരമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ നിര്‍മ്മിക്കുന്നത് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റത്തെ ചെറുക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറി സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരര്‍ ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയതു പോലുള്ള ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും നിരവധി രാസവസ്തുക്കള്‍, ഐഇഡി, ആത്മഹത്യ ബെല്‍റ്റുകള്‍, സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. രാജ്യത്ത് ആക്രമണം നടത്തുന്നതിനെപ്പറ്റി ഭീകരര്‍ പാക്കിസ്ഥാനിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് മാധ്യമം വ്യക്തമാക്കുന്നു.
Discussion about this post