കാസര്‍കോട്: കാസര്‍കോട് വാഹനപരിശോധനയ്ക്കിടെ മൂന്നു യുവാക്കള്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി. തുടര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രൂരമര്‍ദ്ദനത്തിന് പുറമെ പരുക്കേറ്റ യുവാക്കള്‍ക്കെതിരെ പൊലീസുകാരെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന വിമര്ശനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊന്നതില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനു പിന്നാലെയാണ് പോലീസുകാരുടെ ക്രൂരമര്‍ദ്ദനം യുവാക്കള്‍ നേരിടേണ്ടി വന്നത്.
രണ്ടു ബൈക്കുകളിലായി എത്തിയ കാസര്‍കോട് കോളിയടുക്കം ബെണ്ടിച്ചാല്‍ സ്വദേശികളായ ബാരിക്കാട് ഹംസ മുഹമ്മദ് (28), മുഹമ്മദ് ഷംസീര്‍(26) മുഹമ്മദ് സക്കീര്‍(24) എന്നിവരെ പട്രോളിങ്ങിനിടെ പൊലീസ് കൈകാണിച്ച് നിര്‍ത്തി. തുടര്‍ന്ന് രേഖകളും മറ്റ് ലൈസന്‍സുകളും ഇല്ലാത്തതിനാല്‍ ഇവരോട് കാസര്‍കോട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് രേഖകളുമായി സ്റ്റേഷനില്‍ എത്തിയ യുവാക്കളെ പൊലീസ് സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
കണ്ട്രോള് റൂമില്‍ എത്തിച്ചശേഷം നിലത്ത് കിടത്തി ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും തുടര്‍ന്ന് ലാത്തി ഉപയോഗിച്ച് പുറത്ത് തല്ലിയെന്നുമാണ് യുവാക്കള്‍ പൊലീസ് ക്രൂരതയെക്കുറിച്ച് വ്യക്തമാക്കിയത്. എട്ടു പൊലീസുകാര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ക്രൂരമായ രീതിയില്‍ മര്‍ദ്ദനം ഏറ്റതിനാല്‍ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം പട്രോളിങ് സമയത്ത് വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്തെന്നാണ് പൊലീസ് ഭാഷ്യം. യുവാക്കളുടെ മൊഴിയെടുത്ത ശേഷം ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കാസര്‍കോട് ടൗണ്‍ സിഐ അബ്ദുല്‍ റഹീം അറിയിച്ചു.
Discussion about this post