കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുകള്‍ അസാധുവാക്കിയ നടപടി കേരളത്തിലെ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി കെ.എസ്.ബി.സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയം വരുത്തിയതിലും കൂടുതല്‍ മാറ്റമുണ്ടായതായി എക്സൈസ് വിഭാഗം വിലയിരുത്തുന്നു. വിദേശമദ്യ വില്‍പ്പനയില്‍ മാത്രം 144 കോടി രൂപയുടെ കുറവാണ് നവംബര്‍ മാസം ഉണ്ടായത്.
നോട്ടുകള്‍ അസാധുവാക്കിയ നടപടി സമസ്ത മേഖലയിലും ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഒക്ടോബര്‍, നവംബര്‍ മാസത്തെ മദ്യ വില്‍പ്പനയുടെ താരതമ്യപഠനം. സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനയില്‍ മാത്രം മുന്‍മാസത്തെ അപേക്ഷിച്ച് 144 കോടി രൂപയുടെ കുറവാണ് നവംബര്‍ മാസം ഉണ്ടായത്. ഇതില്‍ നവംബര്‍ 8 വരെ 200 കോടിയോളം രൂപയുടെ വില്‍പ്പന ഉണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ മൊത്തം 1036.59 കോടിയുടേയും നവംബറില്‍ 892 കോടിരൂപയുടെയും വിദേശമദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. അതായത് സാമ്പത്തിക പരിഷ്കരണം നടപ്പായതോടെ മദ്യ വില്‍പ്പനയില്‍ സംസ്ഥാനത്ത് 30 ശതമാനത്തോളം കുറവ് ഉണ്ടായെന്ന് വ്യക്തം.
സംസ്ഥാനത്ത് കഴിഞ്ഞമാസം രജിസ്റ്റര്‍ ചെയ്ത അക്രമക്കേസുകളുടെ എണ്ണത്തിലുണ്ടായ കുറവും സാമ്പത്തികനയവും മദ്യവില്‍പ്പനയും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായാണ് വിലയിരുത്തല്‍. വിദേശമദ്യ വില്‍പ്പനയ്ക്ക് പുറമേ കളളുഷാപ്പുകളിലെ വില്‍പ്പനയിലും കാര്യമായ ഇടിവ് കഴിഞ്ഞമാസം ഉണ്ടായി. ഇതോടെ കൃത്രിമ കളളുല്പ്പാദനവും കുറഞ്ഞതായാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.
Discussion about this post