അഹമ്മദാബാദ്: ഗുജറാത്തിലെ ബിസിനസുകാരന് മഹേഷ് ഷാ വെളിപ്പെടുത്തിയ 13,860 കോടിരൂപ കള്ളപ്പണമായി ആദായനികുതി വകുപ്പു പ്രഖ്യാപിച്ചു. ആദായം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി (ഐഡിഎസ്) പ്രകാരം ഐഡിഎസ് അവസാനിക്കുന്ന സെപ്റ്റംബര്‍ മുപ്പതിന് ആദായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയ ഷാ, എന്നാല്‍ പദ്ധതി വ്യവസ്ഥപ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബര്‍ 30ന് അകം അടച്ചില്ല. ഇതേത്തുടര്‍ന്നാണു മഹേഷ് ഷായുടെ മുഴുവന്‍ ആദായവും കള്ളപ്പണമായി മാറിയത്.
ഷായുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചു. ഇതോടെ ഷാ ഒളിവില്‍ പോയിരിക്കുകയാണ്. നികുതി അടച്ചാല്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കു നല്കുന്ന പ്രത്യേക നിയമാനുകൂല്യം ഷായ്ക്കു ലഭിക്കാനര്‍ഹതയില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണു ഷായുടെ വസ്തുവകകളെക്കുറിച്ചും മറ്റും വകുപ്പ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്. ഇത് ഒരാളുടെ മാത്രം ആദായമാണോ അതല്ല, മറ്റു ബിസിനസുകാരുടെ കൂടി ബെനാമി പണമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ഷായുടെ സ്ഥാപനങ്ങളിലും അക്കൗണ്ടന്റിന്റെ ഓഫിസിലും പരിശോധന നടക്കുകയാണ്. സംഭവത്തെക്കുറിച്ചു ഷായുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തെഹ്മുള് സെത്ന പ്രതികരിക്കാന്‍ തയാറായില്ല.
ഇതേസമയം, സംസ്ഥാനത്ത് ഊര്‍ജിതമാക്കിയ കള്ളപ്പണവേട്ടയില്‍ ഇതേവരെ 58 കോടിയുടെ നോട്ടുകളും പിടിച്ചെടുത്തെന്നാണു കണക്ക്. 1000, 500 രൂപ അസാധുവാക്കിയ നവംബര്‍ എട്ടിനുശേഷം അഹമ്മദാബാദിലും സൂറത്തിലും നടത്തിയ പരിശോധനയിലാണു രണ്ടായിരത്തിന്റെ പുതിയ നോട്ടുകളടക്കം 43 കോടിയുടെ സ്വത്തു പിടിച്ചെടുത്തത്. സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നായി എട്ടു കോടിയോളം രൂപയും. പണം വെളുപ്പിക്കല്‍ സംഘങ്ങളില്‍പ്പെട്ട പതിനൊന്നു പേരില്‍ നിന്നായി എട്ടു കോടിയുടെ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ചു വിശദമായ അന്വേഷണങ്ങളും നടത്തിവരികയാണ്. പിടിക്കപ്പെട്ട പണത്തില്‍ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും വന്‍തോതില്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നു പണം വെളുപ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആരോപണം കണക്കിലെടുത്ത് ആദായനികുതി അധികൃതര്‍ പണത്തോടൊപ്പം ലഭിച്ച തെളിവുകള്‍ വച്ചു ബാങ്കുകളെയും അന്വേഷണപരിധിയിലാക്കി.
കഴിഞ്ഞദിവസം നഗരത്തിലെ വിവിധ ബാങ്കുകളിലെത്തിയ ആദായനികുതി അധികൃതര്‍ മുതിര്‍ന്ന ഉദ്യോസ്ഥരുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ ഫോണ്‍വിളികളുടെയും മറ്റും വിവരങ്ങളുമെടുത്തു. ഇവരില്‍ ക്രമക്കേടുകള്‍ കണ്ട ഉദ്യോഗസ്ഥര്‍ക്കു നോട്ടിസയച്ചിട്ടുണ്ട്. ബാങ്കുകളില്‍ വന്‍നിക്ഷേപം നടത്തിയവരെന്നു വെളിപ്പെട്ടവരെ വൈകാതെ അന്വേഷണത്തിനെത്താനായി വിളിപ്പിച്ചേക്കുമെന്ന് അറിയുന്നു.
Discussion about this post