കൊച്ചി: കൊല്ലത്തും മലപ്പുറത്തുമടക്കം വിവിധ കോടതികളില്‍ സ്ഫോടനം നടത്തിയ സംഭവത്തില്‍ എന്‍ഐഎ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ബേസ് മൂവ്മെന്റ് സംഘാംഗം ദാവൂദ് കൊച്ചി പോലീസിന് ഭീഷണി സന്ദേശം അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊച്ചി പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ അംഗങ്ങളായ കാവലാള്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ കയറിപ്പറ്റിയ ശേഷമാണ് ഇയാള്‍ ഭീഷണിസന്ദേശം അയച്ചത്. പ്രമുഖരായ വ്യക്തികളെ കൊല്ലുമെന്നും വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കുമെന്നും ഇയാള്‍ അയച്ച സന്ദേശത്തിലുണ്ടായിരുന്നു.
23 മൊബൈല്‍ ഫോണുകള്‍ ബേസ് മൂവ്മെന്റ് ഉപയോഗിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചായിരുന്നു ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. കൊച്ചി പോലീസിനെ കൂടാതെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കും ഇയാള്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
വിവിധ കോടതികളില്‍ സ്ഫോടനം നടത്തിയതിന് ശേഷം അടുത്തഘട്ട ആക്രമണങ്ങള്‍ക്ക് മുന്നൊരുക്കം നടത്തുന്നതിനിടെയാണ് ഇവര്‍ ഭീഷണിസന്ദേശം അയച്ചതെന്നാണ് പോലീസ് കരുതുന്നത്. ദാവൂദിന്റെ ഭീഷണിസന്ദേശം ഗൗരവത്തോടെ എടുത്ത കൊച്ചി പോലീസ് ഈ വിവരങ്ങള്‍ എന്‍ഐഎയുമായും അന്യസംസ്ഥാനപോലീസ് സേനകളുമായും പങ്കുവച്ചിരുന്നു. ഇയാളെ പിടികൂടുന്നതില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമായെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള ദാവൂദിനെ ചോദ്യം ചെയ്യാനായി കൊച്ചി പോലീസിലെ പ്രത്യേകസംഘം ഉടന്‍ മധുരയിലേക്ക് തിരിക്കും. ദാവൂദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ എന്നിവയെ ബേസ് മൂവ്മെന്റ് ലക്ഷ്യം വച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവര്‍ ലക്ഷ്യം വച്ച ആളുകളെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ പോലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post