തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടഞ്ഞ് എസ്എഫ്ഐ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സിപിഐ അനുകൂല സംഘടനയായ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് ആരോപണം. എസ്എഫ്ഐ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളിലും ആക്രമണത്തിലും പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് എഐഎസ്എഫ്.
ഇന്നലെയാണ് എസ്എഫ്ഐ-എഐഎസ്എഫ് ഏറ്റുമുട്ടലിനാസ്പദമായ സംഭവങ്ങള്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ അരങ്ങേറുന്നത്. ഈ മാസം ഒന്‍പതിന് നടക്കുന്ന യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. ഉച്ചയോടെയാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ നോമിനേഷന് നല്കാന് എത്തിയെങ്കിലും ഇവരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുകയായിരുന്നു. എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും കോളെജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ മണിമേഖല യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കാനായിട്ടാണ് നോമിനേഷന് നല്കാന് എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പുറത്തുനിന്നുള്ള എഐഎസ്എഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മണിമേഖല കോളെജില്‍ എത്തിയതെന്നാരോപിച്ചായിരുന്നു സംഘര്‍ഷം തുടങ്ങിയത്. നാമനിര്‍ദേശ പത്രിക എസ്എഫ്ഐക്കാര്‍ വലിച്ചുകീറി. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ നിന്ന എഐഎസ്എഫിന്റെ പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ വലിച്ചിഴച്ച് ക്യാമ്പസിനകത്ത് കൊണ്ടുപോയി മര്‍ദിക്കുകയും ഉടുമുണ്ട് വലിച്ചുകീറുകയും ചെയ്തു. ഏറെനേരത്തെ സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പൊലീസ് സംഘം നോക്കിനില്‍ക്കെയാണ് എസ്എഫ്ഐക്കാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും എഐഎസ്എഫ് നേതാക്കള്‍ ആരോപിക്കുന്നു.
എഐഎസ്എഫ് സംസ്ഥാന നേതാവ് അരുണ്‍ ബാബു, ജില്ലാ സെക്രട്ടറി വിനീത് തമ്പി, നന്ദുരാജ്, ലിസ്ന, എന്നിവരാണ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ഥി സംഘടനകളെ കായികമായി നേരിടുന്ന എസ്എഫ്ഐക്കെതിരെ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു.
അതേ സമയം മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐ അനുവദിക്കില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ് എഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. ഇത് എല്ലാക്കാലത്തും ഉയരുന്ന ആരോപണമാണെന്നും, ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും നേതാക്കള്‍ പറയുന്നു.
അതേസമയം എഐഎസ്എഫ് പ്രവര്‍ത്തകയായ മണിമേഖലയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സംഘര്‍ഷം മൂലം കഴിഞ്ഞിട്ടില്ല.
Discussion about this post