ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെ ബിജെപി. മന്മോഹന് പരാജയപ്പെട്ട നേതാവാണ്. അഴിമതി ഭരണത്തിന് നേതൃത്വം നല്കിയ മന്മോഹന് കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിക്കുന്നതിലൂടെ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. ‘കേന്ദ്രത്തിന്റെ നടപടി വിശ്വാസ്യയോഗ്യമല്ലെന്നു പറഞ്ഞാണ് മന്മോഹന് കുറ്റപ്പെടുത്തിയത്. പത്തുവര്‍ഷം ഭരിച്ച മന്മോഹന് കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, അഴിമതിയുടെ പേരില്‍ മന്മോഹനും അദ്ദേഹത്തിനൊപ്പമുള്ളവരും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. രാജ്യത്ത് കള്ളപ്പണം കുന്നുകൂടിയതില്‍ മന്‍മോഹനാണ് ഉത്തരവാദിത്തം’–മുരളീധര്‍ റാവു പറഞ്ഞു.
മന്മോഹന് സിങ്ങിന്റെ വിമര്‍ശനത്തിന് മൂല്യം നല്‍കുന്നില്ല. കാരണം അദ്ദേഹം പരാജയപ്പെട്ട നേതാവാണെന്നും മുരളീധര്‍ റാവു ആരോപിച്ചു. എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നിലുള്ള നീണ്ട നിര ഡിസംബര്‍ 30 ന് അവസാനിക്കുമോ എന്ന ചോദ്യത്തോട് ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി അങ്ങനെയാണ് പറഞ്ഞത്, ചിലപ്പോള്‍ കൂടുതല്‍ സമയമെടുത്തേക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാധാരണ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതും നിയമത്തിന്റെ മറവില്‍ കവര്‍ച്ച ചെയ്യുന്നതുമാണു വലിയ നോട്ടുകള്‍ അസാധുവാക്കല്‍ നടപ്പാക്കിയ രീതിയെന്നായിരുന്നു മന്മോഹന്റെ ആരോപണം. രാജ്യസഭയില്‍ നടത്തിയ പ്രസംഗം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായവും തടയുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടു തനിക്കും വിയോജിപ്പില്ലെന്നും നോട്ടുകള്‍ അസാധുവാക്കല്‍ പ്രക്രിയ നടപ്പാക്കിയതില്‍ വലിയ കെടുകാര്യസ്ഥതയാണ് ഉണ്ടായതെന്നും മന്മോഹന് പറഞ്ഞിരുന്നു.
Discussion about this post