തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയ്ക്കിടെ ഇടതുമുന്നണിയില്‍ കലഹം. അട്ടിക്കൂലി പ്രശ്നത്തില്‍ സമരത്തിലുള്ള സിഐടിയു അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് സിപിഐ ആരോപിച്ചു. സിപിഐ മന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് സിഐടിയു നിലപാടെന്നാണ് പ്രധാന ആരോപണം. റേഷന്‍ വിതരണം മുടങ്ങിയതിലെ പ്രധാന കാരണമായ തൊഴിലാളി പണിമുടക്ക് ഇടത് മുന്നണിയില്‍ ഇതിനോടകം അസ്വാരസ്യങ്ങള്‍ക്ക് കാരണമായി കഴിഞ്ഞു.
അട്ടിക്കൂലി പ്രശ്നത്തിന്റെ പേരില്‍ സമരത്തിലുണ്ടായിരുന്ന എഐടിയുസി പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് അല്പം അയഞ്ഞെങ്കിലും സിഐടിയു വിട്ടുവീഴ്ച ചെയ്യാത്തതാണ് പ്രശ്നകാരണം. തങ്ങളുടെ കൈവശമുള്ള വകുപ്പിനെ സിഐടിയു നിലപാട് കനത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതായി സിപിഐ ആരോപിക്കുന്നു.
പ്രശ്നം ഗുരുതരമായതോടെ മന്ത്രിസഭാ യോഗത്തിലും വിഷയം ഉന്നയിക്കപ്പെട്ടു. പ്രശ്നത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് സിപിഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടതായാണ് സൂചന. അതേസമയം ഡിസംബര്‍ 12നകം പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ അവകാശവാദം. വിഷയത്തില്‍ ഇടപെടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് ഇതെന്നാണ് വിലയിരുത്തല്‍.
Discussion about this post