മലപ്പുറം: കറന്‍സി രഹിത ഇടപാടുകളെന്ന കേന്ദ്രസര്‍ക്കാരിന്റെ ആശയം പ്രായോഗികമാക്കാനുളള തയ്യാറെടുപ്പിലാണ് മലപ്പുറം. ഈ മാസത്തോടെ മലപ്പുറത്തെ പൂര്‍ണ കറന്‍സി രഹിത ജില്ലയാക്കാനുളള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികളാണ് സ്വീകരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പണമിടപാട് നടത്തുന്ന 40 വ്യക്തികളും 10 സ്ഥാപനങ്ങളുമുള്ള ഒരു വില്ലേജിനെ സമ്പൂര്‍ണ്ണ ഇലക്ട്രോണിക് ഇടപാട് നടത്തുന്ന വില്ലേജായി പ്രഖ്യാപിക്കും. ഇതിന്റെ ചുവട് പിടിച്ചാണ് മലപ്പുറവും കറന്‍സി രഹിതമാകാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ വില്ലേജുകളില്‍ കറന്‍സി രഹിത ഇടപാട് യാഥാര്ഥ്്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുക. നാല് തരം ഇലക്ട്രോണിക് പണമിടപാട് സോഫ്റ്റ് വെയറുകളാണ് പൊതുജനങ്ങളെ പരിചയപ്പെടുത്തുക. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാകളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ നോഡല്‍ ഓഫീസറുമായി സമിതിയും രൂപീകരിച്ചു. ബാങ്കുകളില്‍ പണത്തിനായി ജനങ്ങള്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിക്കുന്നവരെ ഉപയോഗിച്ച് വ്യാപാരികളും സാധാരണക്കാരും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് കറന്‍സി രഹിത ഇടപാടുകളില്‍ പരിശീലനം നല്‍കും. അക്ഷയ സെന്ററുകള്‍ കൂടാതെ ബാങ്കിംഗ് സാക്ഷരതാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളത്തവും പദ്ധതിയില്‍ ഉറപ്പാക്കും.
Discussion about this post