കോഴിക്കോട്: കുറ്റ്യാടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവതി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രി എക്സ്റേ ടെക്നീഷ്യനുമായ ആതിര(19)യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സ്ക്കൂട്ടര്‍ പഠിക്കുന്നതിനിടെ ആതിരയെയും ഒരു കൂട്ടുകാരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആതിരക്കൊപ്പം ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയായിരുന്നു കൂട്ടുകാരി.
പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ചാണ് ഇവരെ നാദാപുരം ഡിവൈഎസ്പി കെ.ഇസ്മായില്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിളിച്ച് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചശേഷം വിട്ടയച്ചതായും പൊലീസ് പറയുന്നു. ആശുപത്രിയില്‍ തിരിച്ചെത്തിയ ആതിര വിഷം കഴിച്ചെന്നാണ് പൊലീസ് ഭാഷ്യം.
കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ച യുവതി ഇന്നലെ പുലര്‍ച്ചെ മരണമടയുകയായിരുന്നു. സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ സ്കൂട്ടറായിരുന്നു ഇവര്‍ പഠിക്കാനായി ഉപയോഗിച്ചിരുന്നത്. ആതിരയുടെ സഹോദരിയും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. ആറുമാസം മുന്‍പാണ് ഇവര്‍ ഇരുവരും ഇവിടെ ജോലിക്ക് ചേര്‍ന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post