അടിമാലി: ഇടുക്കി അടിമാലിയിലെ പടിക്കപ്പില്‍ ഭൂമി കൈയേറ്റക്കാരും ഗുണ്ടകളും ചേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ആദിവാസികളുടെ വീടുകള്‍ കത്തിച്ചു. ആക്രമണത്തില്‍ രണ്ട് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അടിമാലി സ്വദേശിയായ ബോബന്‍, പൗലോസ്, ജോര്‍ജ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ആക്രണം അരങ്ങേറിയതെന്ന് ആദിവാസികള്‍ വ്യക്തമാക്കുന്നു.
അടിമാലിയിലെ പടിക്കപ്പ് കുടിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. രാത്രി വീടിനുള്ളില്‍ ആദിവാസി സ്ത്രീകളും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് തീവെപ്പ് ഉള്‍പ്പെടെയുളള ആക്രമണങ്ങള്‍ അരങ്ങേറുന്നത്. അഞ്ചുവീടുകള്‍ക്ക് നേരെ ഇവര്‍ തീവെച്ചു. ഇതില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കൂടാതെ വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരെ ഇവര്‍ ആക്രമിക്കുകയും ചെയ്തു. ഊരുമൂപ്പയായ ഉടയക്കാളി, വിമല എന്നിങ്ങനെ രണ്ട് ആദിവാസി സ്ത്രീകളെയും മറ്റൊരാളെയും പരുക്കേറ്റതിനെ തുടര്‍ന്ന് അടിമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തോക്ക് ഉള്‍പ്പെടെയുളള മാരകായുധങ്ങളുമായിട്ടാണ് ആക്രമകാരികള്‍ എത്തിയതെന്നും സ്ത്രീകളെ ശാരീരികമായി ഇവര്‍ ഉപദ്രവിച്ചെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ഗോത്രമഹാസഭാ പ്രസീഡിയം അംഗം കുഞ്ഞമ്മ പറഞ്ഞു. ആദിവാസികള്‍ അല്ലാത്ത ആര്‍ക്കും പ്രസ്തുത ഭൂമിയില്‍ അവകാശം ഇല്ലെന്നിരിക്കെയാണ് ഇത്തരം നടപടികള്‍ അരങ്ങേറുന്നതെന്നും പൊലീസ് ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും കുഞ്ഞമ്മ വ്യക്തമാക്കി.
അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം രാത്രിയിലെത്തിയ പൊലീസ് മൊഴിയെടുക്കണമെന്ന് പറഞ്ഞ് തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരെ പിടിച്ചുകൊണ്ടു പോയെന്നും പിന്നീട് വിട്ടയച്ചെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പടിക്കപ്പ് കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ പറഞ്ഞു.
അടിമാലി പടിക്കപ്പില്‍ ആദിവാസികളുടെ ഭൂമി വ്യാപകമായി കൈയ്യേറുകയാണ്. ഈ വിഷയത്തില്‍ ഗോത്രമഹാസഭ നേരത്തെ തന്നെ ഇടപെടുകയും കൈയേറിയ മൂന്നരയേക്കറോളം ഭൂമി വനംവകുപ്പിന്റെ നേതൃത്വത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. കൂടാതെ എസ്പിക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണ്. ആദിവാസികളെ അവരുടെ സ്വന്തം ഭൂമിയില്‍ നിന്നും വീട്ടില്‍ നിന്നുമാണ് തീവെച്ച് ഓടിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. അടിയന്തരമായി ഇവര്‍ക്ക് പൊലീസ് പ്രൊട്ടക്ഷന്‍ അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍ഡിഒയെ ഇന്ന് കാണുന്നുണ്ടെന്നും എം ഗീതാനന്ദന്‍ പറഞ്ഞു.
ആദിവാസികള്‍ക്ക് വനാവകാശ പട്ടയം കിട്ടിയ ഭൂമി നേരത്തെ മുതല്‍ തന്നെ അടിമാലി സ്വദേശിയായ ബോബന്‍ എന്നയാളും അയാളുടെ സഹോദരങ്ങളും ചേര്‍ന്ന് കൈയേറ്റം ചെയ്യാനുളള ശ്രമം നടത്തിയിരുന്നു. ഇതില്‍ തളര്‍വാതം പിടിച്ച് കിടപ്പിലായ ജര്‍മ്മന്‍ പൊന്നപ്പന്‍ എന്നയാളുടെ ഭൂമി കൈക്കലാക്കിയത് വനംവകുപ്പും ആദിവാസി ഗോത്രമഹാസഭയും ഇടപെട്ട് നേരത്തെ തിരിച്ചുപിടിച്ചിരുന്നു. ഇത് കൂടാതെ നിരവധി കയ്യേറ്റങ്ങളും ബോബന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ആദിവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഭൂമി അനധികൃതമായി കൈയേറുന്നതിനെതിരെ ആദിവാസി ഗോത്രമഹാസഭ ഡിസംബര്‍ 22ന് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി മാരകായുധങ്ങള്‍ ഉള്‍പ്പെടെ ബോബന്റെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം അക്രമം അഴിച്ചുവിട്ടത്.
Discussion about this post