ചെന്നൈ: നോട്ട് അസാധുവാക്കലിനു ശേഷം ചെന്നൈയില്‍ വിവിധയിടങ്ങളില്‍ നിന്നായി അധികൃതര്‍ പിടികൂടിയ 166 കോടി രൂപയില്‍ 37 കോടിയും കേന്ദ്രസര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍. ഇതേത്തുടര്‍ന്ന് അന്വേഷണം റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുന്നു. ഇത്രയും വലിയ തുക എങ്ങനെ ഏതാനും ചിലരിലേക്ക് മാത്രമായി എത്തിച്ചേര്ന്നുവെന്നതിനെ സംബന്ധിച്ച് സി.ബി.ഐ അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് അന്വേഷണം ചെന്നൈ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും നീളുന്നത്.
കഴിഞ്ഞ ദിവസം വ്യവസായികളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, പ്രേം എന്നിവരുടെ വീടുകളിലും, മണല്ക്വാറികളിലും നടത്തിയ റെയിഡില്‍ കോടിക്കണക്കിനു രൂപയുടെ പിന്‍വലിച്ചതും പുതിയതുമായ കറന്‍സികളും 127 കിലോ സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കളളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസുകളും അന്വേഷിക്കുന്നതിന് സി.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാകുന്നത്. ഇതിനേത്തുടര്‍ന്ന് കോടികളുടെ കള്ളപ്പണവേട്ടയാണ് ആദായനികുതിവകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവയെക്കൂടാതെ സി.ബി.ഐയുടെ നേതൃത്വത്തിലും നടന്നത്. കര്‍ണ്ണാടകത്തില്‍ മുതിര്‍ന്ന റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനടക്കം ആറു ബാങ്ക് ഉദ്യോഗസ്ഥരെ കളളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതിന്റെ പേരില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post