നന്ദികേശന്‍
ചില പരീക്ഷണങ്ങളില്‍ അങ്ങനെ സംഭവിക്കാറുണ്ട്..!! എന്താണോ കണ്ടുപിടിക്കാന്‍ ഉദ്ദേശിച്ചത്, അതിനേക്കാള്‍ വലിയ ഉപോല്‍പ്പന്നങ്ങള്‍ ആയിരിക്കും ലഭിക്കുക..!!
മഹാരാഷ്ട്രയിലെ പശുവിറച്ചി നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് ബീഫ് തിളപ്പിക്കുമ്പോള്‍ ഡിഫി സഖാക്കളുടെ മനസ്സില്‍ വല്യ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല..!! മറാത്തയില്‍ പശുവിനെ തിന്നാന്‍ സാധിക്കാതെ ദിവസവും പട്ടിണികിടന്നു മരിക്കുന്ന നൂറുകണക്കിന് പാവപ്പെട്ടവരുടെ ആത്മാവിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഇങ്ങ് കേരളത്തില്‍ അല്‍പം കപ്പ പുഴുങ്ങിയത് പോത്തിറച്ചി കൂട്ടി തട്ടുക..!! ഒപ്പം തന്നെ ഈ കോമ്പിനേഷന്‍ നാട്ടുകാര്‍ക്കും കൊടുത്ത് തങ്ങളുടെ മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുക..!! മറാത്തയിലെ പ്രശ്‌നത്തിന് മലയാളക്കരയില്‍ പോത്തുകറി തിന്നിട്ട് എന്ത് കാര്യം എന്ന മട്ടിലുള്ള മൂരാച്ചി ചോദ്യങ്ങള്‍ ഉന്നയിക്കരുത്..!! ഉച്ചിയില്‍ വേദന വന്നാല്‍ ഉള്ളംകാലില്‍ മരുന്നു പുരട്ടുന്ന ചില ചികിത്സാരീതികളില്ലേ..? അതുപോലെ ഒന്നായി കണ്ടാല്‍ മതി..!! കൂടുതല്‍ ചോദ്യം വേണ്ടാ..!!
അപ്പോള്‍ പറഞ്ഞുവന്നത്, തിരുവനന്തപുരത്തെ മതേതരബീഫ് സംഗമത്തിനു ശേഷം അടുത്ത ജില്ലയില്‍ തട്ടുകട, സോറി ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കണോ വേണ്ടയോ എന്നൊക്കെ ചിന്തിച്ചു നില്‍ക്കുമ്പോഴാണ്, ദേ വരുന്നു കുറേ അതിഥികള്‍…! മറ്റാരുമല്ല നമ്മുടെ മുസ്ലിം ലീഗ് സഹോദരര്‍.! പാഞ്ഞുകുത്തിയുള്ള ആ വരവ് കണ്ടപ്പോള്‍ ആദ്യം ഒന്ന് പേടിച്ചു..!! ഒരു മാസം മുന്‍പ് തൂണേരിയില്‍ ഈ സഹോദരരുമായി കളിച്ച് കളിച്ച് ഒരു സഖാവിനെ അവര്‍ കുളിപ്പിച്ചു കിടത്തിയിരുന്നു..! പകരം അവരുടെ വീടുകളില്‍ കയറി സഖാക്കള്‍ ഘര്‍ വാപസിയും നടത്തിയിരുന്നു..!! ഇനി അതിനു പകരം ചോദിക്കാനുള്ള വരവാണോ എന്ന് തെറ്റിദ്ധരിച്ചു.!! പക്ഷെ പാവത്തുങ്ങള്‍ക്ക് അങ്ങനെയുള്ള ദുഷ്ചിന്തകളൊന്നും ഇല്ലായിരുന്നു..!! ഓടി വന്ന പാടെ പ്ലേറ്റും വാങ്ങി കപ്പ വച്ചിരുന്ന കലത്തിന് മുന്നില്‍ വരിവരിയായി ഒറ്റ നില്‍പ്പ്.. കപ്പ കിട്ടിയപ്പോള്‍ നില്‍പ്പ് പോത്തു കറിയുടെ ചെമ്പിന് മുന്നിലേയ്ക്ക് മാറി.ബിസ്മി ചൊല്ലി അറുത്ത ഹലാല്‍ ബീഫ് ആണോ എന്നൊന്നും ആരും ചോദിച്ചു കണ്ടില്ല! കേരള സഖാക്കള്‍ ഹലാലാക്കി മാത്രമേ തലവെട്ടൂ എന്ന് അവര്‍ക്ക് അറിയാമായിരിക്കും..!! എന്തായാലും കപ്പയും ബീഫും വിചാരിച്ചതിനേക്കാള്‍ അധികം ചിലവായി.! അതിനിടെയാണ് ഒരു ഏമ്പക്കത്തിന്റെ അകമ്പടിയോടെ ഒരു ലീഗ് അണി വെച്ചു കാച്ചിയത്. ‘ഇതുപോലുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ ഇനിയും യോജിച്ചു പ്രവര്‍ത്തിക്കും..!!! ‘
ബഹുമാനപ്പെട്ട ഇ.എം.എസ്സിനോടും നായനാരോടും വി.എസ്സിനോടും പിണറായിയോടും എന്തിന് കോടിയേരി ബാലകൃഷ്ണന്‍ സഖാവിനോടും വരെ ചെറിയ ഒരു സഹതാപം നാട്ടുകാര്‍ക്ക് തോന്നിപ്പോയതില്‍ തെറ്റ് പറയാനാകുമോ..? ഈ ഒരു ഇനത്തെ വരുതിയിലാക്കാന്‍ എന്തൊക്കെ കസര്‍ത്തുകള്‍ കാട്ടി..?മലപ്പുറം എന്ന ജില്ല (രാജ്യം എന്നും വേണമെങ്കില്‍ പറയാം) തന്നെ രൂപീകരിച്ച് പാത്രത്തില്‍ വിളമ്പിക്കൊടുത്തിട്ടും ഇതുവരെ കൂടെക്കൂട്ടാന്‍ കഴിഞ്ഞോ ഇവരെ..?കൂട്ടം തെറ്റി വന്ന ജലീലിനെയും റഹിമിനെയും ഹംസാക്കയെയും ഒക്കെക്കൊണ്ട് തൃപ്തിപ്പെട്ടു എന്നല്ലാതെ നാലുപേരോട് പറയാവുന്ന എന്തെങ്കിലും മാറ്റം ഉണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിയിലെ സീനിയര്‍ സിറ്റിസണ്‍സിന് ഇത് വരെ സാധിച്ചിരുന്നോ..??!! ഇവിടെയാണ് ന്യൂ ജന്‍ വിജയിച്ചത്…!! ഒരു പ്ലേറ്റ് കപ്പയും ബീഫും പോലെ യോജിക്കാവുന്ന വിഷയങ്ങള്‍ നിരവധി കിടക്കുമ്പോള്‍ എന്തിനാണ് വെറുതെ സിവില്‍ കോഡ്, മലപ്പുറം ജില്ല, ജനസംഖ്യാ നിയന്ത്രണം, തുടങ്ങിയ ഒട്ടുപശ വിഷയങ്ങളില്‍ പിടിച്ചു തൂങ്ങി ഇത്രയും നാള്‍ സ്വയം കുരുങ്ങിക്കിടന്നത്..??!! കഷ്ടം തന്നെ..!! രണ്ടുമാസം മുന്‍പ് മറാത്ത സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരുന്നുവെങ്കില്‍ തൂണേരിയിലെ കൊലപാതകം തന്നെ ഉണ്ടാകുമായിരുന്നില്ല..!! അവിടത്തെ സഖാക്കളും ലീഗുകാരും ബീഫ് തിന്ന് മത്തടിച്ച് കിടന്നാല്‍ പിന്നെ എവിടെ കൊലപാതകം എന്തോന്ന് സംഘര്‍ഷം..?
ഏതായാലും ‘യോജിക്കാവുന്ന വിഷയം’ കണ്ടെത്തിയ സ്ഥിതിയ്ക്ക് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിന് അധികം ആലോചിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ല..!! ‘ബീഫ് ജനാധിപത്യ മുന്നണി (BDF)’ എന്ന പേരില്‍ പുതിയ ഒരെണ്ണം ഉണ്ടാക്കാം..!! കാലാകാലങ്ങളായി ലീഗിനോട് തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന ഐ.എന്‍.എല്‍ ഈ വിഷയത്തില്‍ ചിലപ്പോള്‍ ലീഗുമായി യോജിക്കാനും വേണ്ടിവന്നാല്‍ ലയിക്കാനും വരെ സാധ്യതയുണ്ട്..!! കാര്യം ലീഗിന്റെ അത്ര വരില്ലെങ്കിലും മാണിച്ചന്റെ മലയോരകോണ്‍ഗ്രസ്സിനും ബീഫ് വിട്ടൊരു കളിയില്ല എന്നറിയാമല്ലോ..?! പൊറോട്ടയും ബീഫും ദേശീയഭക്ഷണമാക്കണം എന്ന് വരെ വാദിക്കുന്ന കൂട്ടര്‍ അവിടെയുണ്ട്. അപ്പോള്‍ കോട്ടയംഇടുക്കി മേഖലയില്‍ ഈ തട്ടുകട, വീണ്ടും സോറി ബീഫ് ഫെസ്റ്റിവല്‍ നടത്തിയാല്‍ അവിടെയും ‘വിഷയത്തില്‍ യോജിക്കാവുന്നവര്‍’ വന്നു തട്ടിയേച്ച് പൊയ്‌ക്കോളും..!! ബീഫ് തിന്നാന്‍ വരുന്ന മാണിയെയും ഫാമിലിയെയും മാത്രം മാറ്റി നിറുത്തിയാല്‍ മതി..!! ഒരു കട്ടവണ്ടി കാറില്‍ തട്ടിയ സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടായ ചരിത്രമുള്ള നമ്മുടെ നാട്ടില്‍ ഒരു കലം ബീഫ് തിളച്ചതിന്റെ പേരില്‍ ഒരു മുന്നണിയുണ്ടായാല്‍ എന്താണ് കുഴപ്പം..?!!
ഒരു ചെറിയ അപകടം ഉണ്ട് കേട്ടോ..!! ഈ എന്‍.ഡി.എഫ്, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെ പരിപാടി നടക്കുന്ന സ്ഥലത്തൊന്നും ഈ ഏര്‍പ്പാട് നടത്തിയേക്കരുത്. കാര്യം ലീഗിന്റെ ജന്മശത്രുക്കളായാണ് ഈ കൂട്ടര്‍ അറിയപ്പെടുന്നതെങ്കിലും ബീഫ് തിളയ്ക്കുന്ന മണമടിച്ചാല്‍ ചിലപ്പോള്‍ ഇവരും വന്നു യോജിച്ചു കളയും..! പിന്നെ ബീഫ് ജനാധിപത്യ മുന്നണിയ്ക്കകത്ത് കിടന്നു യഥാര്‍ത്ഥ BDF (BEEF DRY FRY) ആകുന്നത് ആരാണ് എന്ന് പറയാന്‍ പറ്റില്ല…!! അതുകൊണ്ട് തിള തുടങ്ങുന്നതിനു മുന്‍പ് പരിസരം വീക്ഷിക്കുന്നത് നല്ലതാണ്. ‘തിന്നുന്നവന്‍ അറിഞ്ഞില്ലെങ്കിലും വിളമ്പുന്നവന്‍ അറിയണം’ എന്നൊരു പഴഞ്ചൊല്ലും ഉണ്ടല്ലോ..?
അല്ല സഖാവേ, പെരുമ്പാവൂര്‍ നഗരസഭാ പരിധിയില്‍ പോര്‍ക്ക് ഇറച്ചി വ്യാപാരം നിരോധിച്ചിരിക്കുന്നതായി ഒരു വാര്‍ത്ത കേള്‍ക്കുന്നുണ്ടല്ലോ..?! അവിടെ ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ പ്രതീക്ഷിക്കാമോ..?ഓ, പെരുമ്പാവൂര്‍ ഇന്ത്യയിലല്ലല്ലോ അല്ലേ..?!
അപ്പോള്‍ കാര്യങ്ങള്‍ നടക്കട്ടെ, വിപ്ലവം ബീഫ് കറിയിലൂടെയും…!!!
Discussion about this post