ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയത കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുകയാണെന്ന് ബിജെപി. കള്ളപ്പണം പിടികൂടുന്നതിലും കോണ്‍ഗ്രസിന് നിരാശയുണ്ട്. നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് പ്രതികരണം.
നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പുതിയ സംഭവവികാസങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമം. ആര്‍ക്കും ഈ സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. കള്ളപ്പണക്കാരന് മഹേഷ് ഷായുമായി മോദിക്കും അമിത് ഷായ്ക്കും യാതൊരു ബന്ധവുമില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
രാജ്യം മുഴുവന്‍ ഡിജിറ്റല്‍ ആകുന്നതിനായി കുതിക്കുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുള്ള ഇ-പെയ്മെന്റ് 300 ശതമാനം വര്‍ധിച്ചു. എന്നാല്‍, പ്രതിപക്ഷം തെറ്റായ വിവരം നല്കി ഇടപെടുകയാണ്. പ്രധാനമന്ത്രിയുടെ ജനകീയത കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുകയാണ്. കള്ളപ്പണം പിടികൂടുന്നതിലും കോണ്‍ഗ്രസിന് നിരാശയുണ്ട്. അമിത് ഷായ്ക്കെതിരെ തെറ്റായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
അഴിമതിക്കാര്‍ കോണ്‍ഗ്രസിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്, അതാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഞങ്ങളെ ലക്ഷ്യമിടുന്നതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വികൊണ്ടൊന്നും കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പോലും ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വേണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ത്യാഗത്തിന് ബിജെപി നന്ദി പറയുന്നുവെന്ന് കേന്ദ്ര സഹമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ചരിത്രപരമായ പോരാട്ടത്തിനായിരുന്നു ജനങ്ങളുടെ ആ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post