ചെന്നൈ: അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും പ്രമുഖ പ്രാസംഗികനുമായിരുന്ന നാഞ്ചി സമ്പത്ത് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ജയലളിത നല്കിയ ഇന്നോവ കാര്‍ റോയപ്പേട്ടയിലെ അണ്ണാ ഡി.എം.കെയുടെ ആസ്ഥാനത്ത് തിരിച്ചേല്‍പിച്ചാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പ്രചാരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന നാഞ്ചി സമ്പത്തിനെ കഴിഞ്ഞ വര്‍ഷം ആദ്യം പാര്‍ട്ടി പദവികളില്‍നിന്ന് ജയലളിത ഒഴിവാക്കിയിരുന്നു. 2014 ഡിസംബറിലെ പ്രളയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതാണ് ജയലളിതയെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ കുറേ മാസമായി പ്രത്യേകിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അണ്ണാ ഡി.എം.കെ വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശശികല പാര്‍ട്ടി നേതാവായി എത്തിയതിലുള്ള അഭിപ്രായം തേടിയപ്പോള്‍ എല്ലാവരും അവര്‍ക്ക് പിന്തുണ നല്കിക്കഴിഞ്ഞല്ളോ എന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും വ്യക്തമാക്കി. വൈക്കോയോടൊപ്പം എം.ഡി.എം.കെയില്‍ 1994 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 2012ല്‍ അണ്ണാ ഡി.എം.കെയില്‍ എത്തിയ ഉടന്‍ മുതിര്‍ന്ന ഭാരവാഹിയായി ജയലളിത നിയമിക്കുകയായിരുന്നു. ഇതിനിടെ ശശികല മുഖ്യമന്ത്രിയാകണമെന്ന് ജയലളിതയുടെ സഹോദര പുത്രന് ദീപക് ജയകുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post