തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം ഐ.എ.എസുകാര്‍ നടത്തുന്നത്. സമരം ശരിയായ നടപടിയല്ല, ഒരു പൊലീസുകാരനെതിരെ നടപടിയെടുത്താല്‍ സംസ്ഥാനത്തെ പൊലീസ് സേന മുഴുവന്‍ ജോലി ചെയ്യാതിരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാവിലെ ഐ.എ.എസ് അസോസിയേഷന് നേതാക്കള്‍ രാവിലെ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. അസോസിയേഷന് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം നല്കി. ഉച്ചക്ക് ശേഷം ചീഫ് സെക്രട്ടറി ഒരിക്കല്‍ കൂടി ഇവരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഐ.എ.എസുകാരുടെ നിലപാടിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. സര്‍ക്കാറിന് അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ല, സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആദ്യ സംഭവമല്ലെന്നും പിണറായി ആവര്‍ത്തിച്ചു.
സര്‍ക്കാറിനെതിരെ തങ്ങള്‍ക്ക് നീക്കമില്ലെന്നും തങ്ങളുടെ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഐ.എ.എസ് അസോസിയേഷന് പറഞ്ഞത്. എന്നാല്‍ ഇത്തരം വാദങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂട്ട അവധി എടുക്കേണ്ടി വന്നാലും അത്യാവശ്യജോലികള്‍ നിര്‍വഹിക്കുമെന്ന് അസോസിയേഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നാണ് വിജിലന്‍സ് നിലപാട്.
അതിനിടെ മുതിര്‍ന്നവരുള്‍പ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചീഫ്സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി വരെ 25 അപേക്ഷകളാണ് ചീഫ്സെക്രട്ടറിയുടെ ഓഫിസിലത്തെിയത്. ഫോണ്‍ വഴിയും ചിലര്‍ അവധി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. മുന്‍ മന്ത്രി ഇ.പി.ജയരാജന് ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ വിജിലന്‍സ് പ്രതിചേര്‍ത്തതാണ് ജേക്കബ് തോമസുമായി കുറെ നാളായി ഇടഞ്ഞു നിന്ന ഒരു വിഭാഗം ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത്. നേരത്തേ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വസതി റെയ്ഡ് ചെയ്തതിലും മറ്റൊരു അഡീഷനല്‍ ചീഫ്സെക്രട്ടറി ടോം ജോസിനെതിരായ കേസിന്റെ കാര്യത്തിലും ഐ.എ.എസുകാരില്‍ ഒരു വിഭാഗം അമര്‍ഷത്തിലായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണമാണ് ഐ.എ.എസുകാര്‍ ഉന്നയിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇതേ ആരോപണങ്ങളുമായാണ് നേരത്തേ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ബന്ധുനിയമന വിഷയത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ രേഖാമൂലമുള്ള നിര്‍ദേശം അനുസരിക്കുക മാത്രമാണ് പോള്‍ ആന്റണി ചെയ്തതെന്നാണ് ഐ.എ.എസുകാരുടെ വാദം. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധി സമരത്തില്‍ നിന്ന് പിന്മാറി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. വിശദമായ ചര്‍ച്ച മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ഐഎഎസ് അസോസിയേഷന് വ്യക്തമാക്കി.
Discussion about this post