ലക്‌നൗ: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശ പത്രിക പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ആരതി പൂജ നടത്തി പ്രധാനമന്ത്രി ശിവഭഗവാന്റെ അനുഗ്രഹം തേടി.
ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം. ക്ഷേത്ര അധികൃതർ ചേർന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയ്‌ക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. വിവിധ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ശിവലിംഗത്തിൽ ആരതി പൂജയും നടത്തി. ക്ഷേത്ര പൂജാരി പ്രധാനമന്ത്രിയ്ക്ക് കയ്യിൽ രക്ഷ ബന്ധിച്ച് നൽകുകയും ചെയ്തു.
ദീർഘനേരം ചിലവഴിച്ച ശേഷം ആയിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ക്ഷേത്രം അധികൃതരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ നിന്നും ബനാറസിലേക്കായിരുന്നു പോയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രധാനമന്ത്രി ഉത്തർപ്രദേശിൽ എത്തിയത്. വാരാണസിയിൽ സംഘടിപ്പിച്ച റോഡ്‌ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി.
Discussion about this post