ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കാശി (വാരാണസി) യുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗാ നദിയുടെ ദത്തുപുത്രനാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രി കാശിയോടുള്ള സ്‌നേഹം വ്യക്തമാക്കിയത്.
2014 ലാണ് ആദ്യമായി കാശിയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നേരിടാൻ എത്തിയത്. അന്ന് ഗംഗാ നദി തന്നെ നഗരത്തിലേക്ക് സ്വാഗതം ചെയ്ത പോലെയായിരുന്നു അനുഭവപ്പെട്ടത്. താൻ കാശിയിൽ എത്തി 10 വർഷം ആകുന്നു. ഇന്ന് ഗംഗാ നദി തന്നെ ദത്തെടുത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
10 വർഷം കടന്നുപോയി. ഓരോ ദിനം പിന്നിടുമ്പോഴും കാശിയുമായുള്ള തന്റെ ബന്ധം കൂടുതൽ കരുത്തുറ്റതായി മാറുകയായിരുന്നു. കാശിയെ ഇന്ന് തന്റെ കാശി എന്നാണ് വിളിക്കാറുള്ളത്. കാശിയുമായി അമ്മ- മകൻ ബന്ധമാണ് തനിക്ക് ഉള്ളതെന്നും പ്രധാനമന്ത്രി വിശദമാക്കി.
ഇത് ജനാധിപത്യ സമൂഹമാണ്. ജനങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങുന്നത് തുടരും. എന്തിരുന്നാലും രാഷ്ട്രീയത്തിലുപരി തന്റെ കാശിയുമായുള്ള ബന്ധം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post