മലപ്പുറം: കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തില്‍ കെ.കെ.ലതികയെ തോല്‍പ്പിച്ചത് സ്ഥാനമോഹികളായ നേതാക്കളെന്നു സിപിഎം അന്വേഷണ കമ്മിഷന്. പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണനെ തോല്‍പ്പിക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നുവെന്നും കമ്മിഷന് കണ്ടെത്തി. സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരും. പതിമൂന്ന് മണ്ഡലങ്ങളില്‍ പതിനൊന്നിടത്തും വിജയിച്ച് നില്‍ക്കുമ്പോഴാണ് വിജയ പ്രതീക്ഷ ഉണ്ടായിരുന്ന കുറ്റ്യാടിയില്‍ സിപിഎമ്മിന്റെ പരാജയം. സിറ്റിങ് എംഎല്‍എയും കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ.ലതിക 1,157 വോട്ടിനാണ് ലീഗിലെ പാറക്കല്‍ അബ്ദുള്ളയോട് തോറ്റത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഉടലെടുത്ത തര്‍ക്കമാണ് തോല്‍വിക്കു കാരണമെന്ന് ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കെ.കെ.ലതിക മൂന്നാംവട്ടവും മത്സരിക്കില്ലെന്ന് സ്ഥാനാര്‍ത്ഥിമോഹികളായ ചില നേതാക്കള്‍ മണ്ഡലത്തില്‍ പ്രചരിപ്പിക്കുകയും പകരം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പല പേരുകളും പാര്‍ട്ടി നേതാക്കള്‍ തന്നെ അണികളിലെത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടനെ എതിര്‍പ്പുമായി വനിതാ നേതാക്കള്‍ രംഗത്തെത്തിയതും ലതികയുടെ പ്രതിച്ഛായയെ ബാധിച്ചു. ഭിന്നിച്ചുപോയ പാര്‍ട്ടി കീഴ്ഘടകങ്ങളെ ഏകോപിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണവേണയില് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വിശ്വന് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2011-ല്‍ 15,269 വോട്ടിനു ജയിച്ച പേരാമ്ബ്രയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി ചുരുങ്ങിയത് ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ മൂലമെന്നാണ് കണ്ടെത്തല്‍. ടി.പി.രാമകൃഷ്ണനെ സ്വന്തം മണ്ഡലത്തില്‍ തോല്‍പ്പിക്കാന്‍ ശ്രമങ്ങളുണ്ടായെന്നു വ്യക്തമാക്കുന്നതാണു രണ്ടാമത്തെ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പരാമര്‍ശമില്ലെങ്കിലും ടി.പി.രാമകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തോടെ സീറ്റ് പോയവരും മണ്ഡലങ്ങളില്‍ സജീവമായി പരിഗണിക്കപ്പെട്ട പേരുകളിലേക്കുമാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
Discussion about this post