കൊച്ചി: കേരളത്തില്‍ ഗോവധം നിരോധിക്കുക എന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള ഹിന്ദു ഹെല്‍പ് ലൈന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി. ‘സേവ് ഗോ മാതാ, സേവ് നാഷന്‍( ഗോ മാതാവിനെ രക്ഷിയ്ക്കു, രാജ്യത്തെ രക്ഷിയ്ക്കു) എന്ന പേരിലാണ് സോഷ്യല്‍ മീഡിയകളിലൂടെ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
കാമ്പയിന്റെ ഭാഗമായി കശാപ്പുശാലകളിലേക്ക് കൊണ്ടുപോകുന്ന ഗോക്കളെ മോചിപ്പിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംസ്ഥാന കോഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന്‍ അറിയിച്ചു.
ക്യാമ്പയിന്റെ ഭാഗമായി കശാപ്പുശാലകളില്‍ പാലിക്കേണ്ട ചട്ടങ്ങളും, കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളും അടങ്ങിയ നിയമങ്ങള്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നല്‍കും. ഗോരക്ഷ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.
ഹിന്ദു ഹെല്‍പ് ലൈന്‍ മുന്നോട്ട് വെയ്ക്കുന്ന ആരോപണങ്ങള്‍ ഇവയാണ്- കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട വ്യവസ്ഥകള്‍ ലംഘിച്ചാണ് കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നത്. അനധികൃതമായി കന്നുകാലികളെ കൊണ്ടുവരുന്നതിനെതിരെയും, കശാപ്പുശാലകള്‍ക്കെതിരെയും യാതൊരു നടപടിയും ഭരണകൂടം എടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭൂരിപക്ഷം കശാപ്പുശാലകളും ഇറച്ചിക്കടകളും ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ മെട്രോ സിറ്റിയായ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ 3 അറവുശാലകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കുവാനുള്ള അനുമതിയുള്ളു. എന്നാല്‍ നൂറുകണക്കിന് അറവുശാലകള്‍ ഈ ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇത് പരിസ്ഥിതി പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും വലിയ തോതില്‍ ഉണ്ടാക്കുന്നു.
അമ്പലക്കാളകളും നടയ്ക്കിരുത്തിയ പശുക്കിടാങ്ങളെയും വഴിയരികില്‍ മേഞ്ഞുനടക്കുന്ന ഗോക്കളെയും മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങള്‍ ഇന്ന് സജീവമാണ്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിണ്ടെന്നും ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സംഘടനയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കശാപ്പിനായി അറവുശാലയില്‍ എത്തുന്ന പശുക്കളെയും കാളകളെയും അതിന്റെ വില നല്‍കി വാങ്ങുവാന്‍ സാധിക്കുന്നവര്‍ക്ക് അതിനായുള്ള സംവിധാനവും ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഒരുക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം നിയമമാക്കിയ സാഹചര്യത്തിലാണ് കേരളത്തിലും ഇത്തരം ആവശ്യവുമായി വിഎച്ച്പിയ്ക്ക് കീഴിലുള്ള സംഘടന രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലേക്ക് നിയമം ലംഘിച്ച് ഗോക്കളെ കടത്തുന്ന നിരവധി ലോബികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നീക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിവെയ്ക്കാനും സാധ്യതയുണ്ട്.
Discussion about this post