തിരുവനന്തപുരം:കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സ്വാശ്രയ കോളേജികളില അഴിമതിയെ പറ്റി മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും, മറ്റ് മന്ത്രിമാരും തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തെ പറ്റി എന്ത് പറയുന്നു എന്ന ചോദ്യമുയര്‍ത്തി പ്രതിഷേധക്കാര്‍. ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരെ സ്വയമേവ കേസെടുക്കാവുന്ന നിരവധി ആരോപണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്താത്ത സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും മൗനവും വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു.
സിപിഎം നേതാക്കള്‍ക്ക് അക്കാദമി പ്രിന്‍സിപ്പല്‍ ലഷ്മി നായരുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. എസ്എഫ്‌ഐ അവസാനഘട്ടത്തില്‍ സമരരംഗത്തുണ്ടെങ്കിലും അത് സംസ്ഥാന നേതാക്കളുടെ പിന്തുണയോടയല്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ തന്നെ സമ്മതിക്കുന്നത്. പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുക്കളടങ്ങുന്ന മാനേജ്‌മെന്റിനെതിരെ പ്രതികരിക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിനോ ശക്തിയില്ലെന്നും സമരരംഗത്തുള്ളവര്‍ പറയുന്നു.
എസ്ഫ്‌ഐ -സിപിഎം നേതാക്കള്‍ക്കെതിരെ സിപിഎം അനുഭാവിയും, എസ്എഫ്‌ഐ കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറിയുമായ അഡ്വ.ആദര്‍ശ് കരകുളം പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കളും ജില്ല നേതാക്കളും ഇപ്പോഴും ലഷ്മി നായരുടെ പോക്കറ്റിലാണ് എന്നാണ് ആദര്‍ശ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. ഇതിന് തെളിവായി എസ്എഫ്‌ഐ നേതാവിന്റെ ഫോണ്‍ കോള്‍ രേഖകള്‍ തന്റെ കൈവശം ഉണ്ടെന്നും ആദര്‍ശ് പറയുന്നു. ”പുലര്‍ച്ചെ മൂന്ന് മണിയ്ക്കും, നാല് മണിയ്ക്കും ഈ നേതാവുമായി ലഷ്മിനായര്‍ ഫോണില്‍ സംസാരിക്കുന്നത് എന്തിനാണ്. ഈ നേതാവ് പറയുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ അവിടെ ഇന്റേണല്‍ മാര്‍ക്ക് കൊടുക്കുകയുള്ളു. ഈ നേതാവുമായി ശത്രുതയുണ്ടങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുകയാണ്.’ സൈറ് എന്ന ഇവനിംഗ് ബാച്ച് വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റിയ്ക്ക് നല്‍കിയ പരാതിയില്‍ ഈ വിദ്യാര്‍ത്ഥി നേതാവുമായുമായുള്ള പ്രിന്‍സിപ്പാളുടെ ബന്ധത്തെ പറ്റി പറയുന്നുണ്ട്. പ്രിന്‍സിപ്പാളിന്റ ക്യാമ്പിനില്‍ വിദ്യാര്‍ത്ഥി നേതാവുമായി ലഷ്മി നായരെ കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടുവെന്ന് പരാതിയില്‍ സൈറ് പറയുന്നുണ്ടെന്നും ആദര്‍ശ് ആരോപിക്കുന്നു.
നേരത്തെ പ്രിന്‍സിപ്പാളിനെതിരെ സംഘടന ഉപയോഗിച്ച് പ്രതിരോധ ആദര്‍ശിനെ കോളേജില്‍ നിന്ന് ലഷ്മിനായര്‍ പുറത്താക്കിയിരുന്നു. ലഷ്മി നായരുടെ ചെയ്തികള്‍ ചോദ്യം ചെയ്തതിന് കെഎസ് യു പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ കൊണ്ട് കേസ് കൊടുപ്പിച്ചു. അത് കള്ളക്കേസാണെന്ന് പിന്നീട് തെളിഞ്ഞു. പരാതിയിലെ ആരോപണങ്ങള്‍ പെണ്‍കുട്ടി തന്നെ കോടതിയില്‍ നിഷേധിച്ചുവെന്നും അഡ്വ. ആദര്‍ശ് പറയുന്നു.
”തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് എസ്ഫ്‌ഐ ജില്ല നേതൃത്വത്തിന് അറിയാം, സിപിഎം നേതാക്കള്‍ക്ക് അറിയാം. അവരാരും വിഷയത്തില്‍ മൗനം പാലിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. രാത്രികാലങ്ങളില്‍ ചില പെണ്‍കുട്ടികളുമായി ലഷ്മി നായര്‍ കാറില്‍ പുറത്ത് പോകുന്നത് എന്തിനാണ് എന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ആദര്‍ശ് പറയുന്നു.
ആണ്‍കുട്ടികളുമായി ഇടപെടുന്നതിനെ അപഹസിക്കുക, ജാതി ചോദിച്ച് അപമാനിക്കുക, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ലഷ്മി നായര്‍ക്കതിരെ പരസ്യമായി ഉന്നയിക്കുന്നത്. ലഷ്മി നായരുട മകന്റെ കാമുകിയായ വിദ്യാര്‍ത്ഥിനിയ്ക്ക് ക്ലാസില്‍ കയറാതെയും സെമിനാറില്‍ പങ്കെടുക്കാതയും വാരിക്കോരി ഇന്റേണല്‍ മാര്‍ക്ക് നല്‍കുമ്പോള്‍, സംഘടന പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവരെയും തന്നെ എതിര്‍ക്കുന്നവരെയും മാര്‍ക്ക് നല്‍കാത പ്രതികാരം വീട്ടുകയാണ് ലഷ്മിനായര്‍ എന്നാണ് മറ്റൊരു ആരോപണം.
പക മനസ്സില്‍ വെക്കുന്നയാളാണ് താനെന്ന് പ്രിന്‍സിപ്പാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലഷ്മി നായര്‍ കോളേജിലേക്ക് വരുന്നത് അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് സമരക്കാര്‍.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കോളേജിനു സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇപ്പോള്‍ സ്വകാര്യ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ലോ അക്കാദമിയുടെ ഭാഗമായ സ്ഥാപനങ്ങള്‍ക്കു പകരം ഈ 18 ഏക്കര്‍ ഭൂമിയില്‍ മുന്‍ സിപിഐഎം എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍ നായരും ലക്ഷ്മി നായരുടെ അച്ഛനും മുന്‍ പ്രിന്‍സിപ്പാളുമായ നാരായണന്‍ നായരും വീടുവച്ചു താമസിക്കുകയാണ്. പരാതിയുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് ലോ അക്കാദമിയില്‍ എബിവിപി നടത്തിവരുന്ന നിരാഹാരസമരം തുടരുകയാണ്. മരണംവരെ നിരാഹാരം അനുഷ്ഠിക്കാനുള്ള തീരുമാനത്തിലാണ് എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍. എസ്എഫ്ഐ ഒഴികെയുളള സംഘടനകളുമായി ചേര്‍ന്ന് സംയുക്ത നിരാഹാരസമരമാണ് എബിവിപി നടത്തുന്നത്.
എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്ത്, വൈസ്പ്രസിഡന്റ് കെ.പി. അഭിനന്ദ് എന്നിവരാണ് സമരപ്പന്തലിലുള്ളത്.ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും യാതൊരുകാരണവശാലും സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും പുഞ്ചക്കരി അഭിജിത്ത് പറഞ്ഞു.
ഇതിനിടെ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം രംഗത്തെത്തി. ചീത്തപ്പണത്തിന്റെ വേദാന്തങ്ങളായി സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ലോ അക്കാദമിയില്‍ നടന്ന മാനേജുമെന്റ് അതിക്രമങ്ങളെന്ന് സെല്‍ഫ് ഫിനാന്‍സ് ആന്‍ഡ് അണ്‍എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)സംസ്ഥാന പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം പറഞ്ഞു. ഇത്തരം സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അരോപണങ്ങളൊന്നും കോളേജില്‍ ഉള്ളതായി എനിക്കറിയില്ലെന്നാണ് ലഷ്മി നായരുടെ വിശദീകരണം.. പറയുന്നതില്‍ സത്യം ഉണ്ടെങ്കില്‍ അവര്‍ അതു തെളിയിക്കട്ടെ. പരമാവധി മാര്‍ക്ക് നല്‍കാനാണു മാനേജ്മെന്റ് ശ്രമിച്ചിട്ടുള്ളത്. അവര്‍ പറയുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അതിനാല്‍തന്നെ ഈ സമരത്തിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ക്ലാസില്‍ കയറാത്തവരും അതുകൊണ്ടുതന്നെ ഹാജര്‍ കുറവുള്ളവരുമാണ് എന്നിങ്ങനെയാണ് ലഷ്മി നായരുടെ വിശദീകരണം.
വിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളേജിനതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇത്തരം കോളേജുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്നാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്. അതേ സമയം ഇത്ര ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ലോ അക്കാദമി സമരത്തില്‍ മന്ത്രിമാരോ, സിപിഎം നേതാക്കളോ പ്രതികരിക്കാത്തത് ഇരട്ടതാപ്പാണെന്നാണ് വിമര്‍ശനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിസ്സഹായനാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
Discussion about this post