അഹമ്മദാബാദ്: സൂറത്ത് പീപ്പിള്‍സ് കോഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് ആയിരം ഇടപാടുകാരുടെ തിരിച്ചറിയല്‍രേഖകള്‍ കടത്തി അസാധുനോട്ടുകള്‍ മാറിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ജിഗ്നേഷ് ഭജിയാവാല(41)യെയാണ് ആദായനികുതിവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റുചെയ്തത്. കണക്കില്‍പ്പെടാത്ത 450 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് സി.ബി.ഐ അറസ്റ്റുചെയ്ത പണമിടപാടുകാരന് കിഷോര്‍ ഭജിയാവാലയുടെ മകനാണ് ഇയാള്‍.
സഹകരണ ബാങ്കിന്റെ ഉധനശാഖയിലെ ഇടപാടുകാരുടെ തിരിച്ചറിയല്‍ രേഖകള്‍ മാനേജരുടെ സഹായത്തോടെയാണ് ഭജിയാവാല പുറത്തേക്ക് കടത്തിയത്. ഇതിന്റെ പകര്‍പ്പെടുത്ത് 1.02 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിയെടുത്തു. ഇതില്‍ 200 രേഖകള്‍ ഇതേബാങ്കില്‍ തന്നെയാണ് നല്‍കിയത്. ബാങ്കിന്റെ സീനിയര്‍ മാനേജര്‍ പി. ഭട്ടിനെയും നേരത്തെ സി.ബി.ഐ. പിടികൂടിയിരുന്നു. രണ്ടായിരം രൂപയുടെ പുതിയനോട്ടുകളായി 1.02 കോടിരൂപ കിഷോറിന്റെയും മകന്റെയും പക്കല്‍നിന്ന് പിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍നിന്ന് കെ.വൈ.സി. രേഖകള്‍ കടത്തിയത് കണ്ടെത്തിയത്.
ബാക്കി പണം ഏത് ബാങ്കുകളില്‍നിന്ന് ഇയാള്‍ പണം മാറിയെടുത്തുവെന്നും അന്വേഷിക്കുന്നുണ്ട്. പത്തുകോടിയോളം രൂപയുടെ സ്വര്‍ണവും കറന്‍സിയും ഇവരുടെ പക്കല്‍നിന്ന് ആദായനികുതിവകുപ്പ് ഇതിനകം പിടിച്ചെടുത്തു.ചായയും ബജിയും വില്‍പ്പനനടത്തി ജീവിതം തുടങ്ങിയ കിഷോര്‍ പണമിടപാടിലൂടെ ക്രമേണ കണക്കില്ലാത്ത സ്വത്ത് ആര്‍ജിക്കുകയായിരുന്നു. ആദായനികുതി നല്‍കാറില്ല. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പണം വെളുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇയാളെയും മകനെയും കുടുക്കിയത്.
Discussion about this post