മാവേലിക്കര: നോട്ടു അസാധുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പിന് കൂട്ടു നില്ക്കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ ശക്തമായ ആരോപണങ്ങള്‍ സഹകരണമേഖല നേരിടുമ്പോള്‍ ബാങ്കിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 77 രൂപ മാത്രം ഉണ്ടായിരുന്ന ബാങ്ക് ഇടപാടുകാരന്റെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് 28 കോടി രൂപ. അഴിമതിയാരോപണം നേരിടുന്ന താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലാണ് സംഭവം. അക്കൗണ്ട് ഉടമ പോലും ഇത്രയും പണം തന്റെ അക്കൗണ്ടില്‍ ഉണ്ടെന്നുള്ള കാര്യം അറിഞ്ഞിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് 28.23 കോടി രൂപയുടെ ക്രമക്കേടായിരുന്നു.
വെറും സാധാരണക്കാരനായ ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ 28 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തുകയായിരുന്നു. തന്റെ അക്കൗണ്ടില്‍ വെറും 77 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴിയും നല്‍കിയിട്ടുണ്ട്. ബാങ്കിലെ വായ്പകള്‍ സംബന്ധിച്ച രേഖകള്‍ കൃത്യവും വിശ്വാസയോഗ്യം അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ ചിട്ടയായ അക്കൗണ്ട് പരിശോധനകള്‍ നടക്കുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് ജോയന്റ് റജിസ്റ്റാര്‍ ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 14 ബാങ്ക് ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. പരിശോധനയുടെ അടിസ്ഥാനത്തില്‍ തഴക്കര ശാഖ മൂന് മാനേജര്‍ ജ്യോതി മധു, കാഷ്യര്‍മാരായ ബിന്ദു ജി നായര്‍, കുട്ടിസീമ ശിവം, ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യൂ, ബാങ്ക് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post