കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടായിരുന്നു കാനത്തിന്റെ പ്രതികരണം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിയാണ് ഇത്തരമൊരു വ്യാഖ്യാനം ആദ്യം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും അദ്ദേഹം ഒരു ചാനലിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ സ്വന്തം നയമാക്കേണ്ടവരല്ല ഇടതുമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് കൊലചെയ്യപ്പെട്ട സംഭവത്തില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ സിപിഎമ്മും ബിജെപിയും അട്ടിമറിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തണമെന്നും കാനം പറഞ്ഞു.
Discussion about this post