ന്യൂഡൽഹി: ഭൂമിയിലേക്ക് ആഞ്ഞ് വീശിയ സൗരക്കാറ്റിന്റെ വാർത്തകൾ വലിയ കൗതുകമാണ് ആളുകളിൽ ഉണ്ടായത്. ഇടയ്ക്കിടെ സൗരക്കാറ്റ് ഭൂമിയിലേക്ക് വീശാറുണ്ട് എങ്കിലും ഇക്കുറി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ ഇടം നേടാൻ ഒരു കാരണം ഉണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും ശക്തമായ സൗരക്കാറ്റ് ആയിരുന്നു ഭൂമിയിൽ അനുഭവപ്പെട്ടത്.
സൂര്യനിൽ പൊട്ടിത്തെറിയുണ്ടാകുമ്പോഴാണ് സൗരക്കാറ്റ് ഉണ്ടാകാറുള്ളത്. പൊട്ടിത്തെറിയുണ്ടാകുമ്പോഴുണ്ടാകുന്ന സോളാർ പ്ലാസ്മയുടെ മേഘങ്ങൾ ഭൂമിയുടെ കാന്തിക വലയവുമായി സമ്പർക്കത്തിൽ വരുമ്പോൾ കൊടുങ്കാറ്റാകും. ഇതാണ് ഭൂമിയിലേക്ക് വീശുന്നത്. സമാനമായ രീതിയിൽ മറ്റ് ഗ്രഹങ്ങളിലേക്കും വീശാറുണ്ട്. എന്നാൽ ഭൂമിയിലേക്ക് വീശുന്ന കാറ്റുകളെ അൽപ്പം ഭയത്തോടെ മാത്രമാണ് ശാസ്ത്രലോകം കാണാറുള്ളത്. കാരണം നമ്മുടെ ഉപഗ്രഹങ്ങളെ ഇവ പ്രവർത്തന രഹിതമാക്കും. ഇത് നമ്മുടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളെവരെ ബാധിക്കും. ഭൂമിയിലേക്കുള്ള സൗരക്കാറ്റ് ചന്ദ്രനിലും സ്വാധീനമുണ്ടാക്കും.
2022 ഫെബ്രുവരിയിലാണ് ഇതിന് മുൻപ് ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വീശിയത്. അന്ന് 35 സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റുകൾക്കാണ് കേടുപാട് സംഭവിച്ചത്. ഇതേ തുടർന്ന് ഇവ ഭൂമിയിൽ പതിയ്ക്കാനും ആരംഭിച്ചു. ഇവയിൽ പലതും സൗകരക്കാറ്റ് വീശുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ബഹിരാകാശത്തേക്ക് എത്തിയത്. അതുകൊണ്ടുതന്നെ ഇക്കുറി സൗരക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ചപ്പോൾ രാജ്യങ്ങൾ ഭയന്നു. എന്നാൽ ഇന്ത്യയ്ക്ക് മാത്രം ഈ ഭയം ഉണ്ടായിരുന്നില്ല. ഇതിന് കാരണം ഐഎസ്ആർഒയുടെ സയോജിതമായ നീക്കങ്ങളും നിരീക്ഷണവും ആയിരുന്നു. ഇന്ത്യയുടെ ഏകദേശം 50 ഓളം ഉപഗ്രഹങ്ങൾ ആണ് ബഹിരാകാശത്ത് നിരീക്ഷണം നടത്തുന്നത്.
മെയ് എട്ട്, ഒൻപത് തിയതികളിലായി സൗരക്കാറ്റ് വീശുമെന്ന മുന്നറിയിപ്പു കിട്ടയതോടെ ഐഎസ്ആർഒമയുടെ കർണാടകയിലും മദ്ധ്യപ്രദേശിലുമുള്ള മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി ഉപഗ്രഹങ്ങളെ സുരക്ഷിതമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഭ്രമണപഥം ഉയർത്തൽ, പേ ലോഡ് ടെസ്റ്റിംഗ്, ഓൺ ഓർബിറ്റ് ഓപ്പറേഷൻസ് എന്നിവയായിരുന്നു ഉപഗ്രഹങ്ങളെ സംരക്ഷിക്കാനായി ചെയ്തത്. ഇതിന് പുറമേ ചില സെൻസറുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. സൗരക്കാറ്റിന്റെ സഞ്ചാരത്തെ അതിസൂക്ഷ്മമായി ഗവേഷകർ നിരീക്ഷിച്ചതും വലിയ ആഘാതം ഒഴിവാക്കാൻ തുണയായി.
Discussion about this post