ന്യൂഡൽഹി : പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയെ ഇൻഡി സഖ്യത്തിൽ ഉൾപ്പെടുത്തണോ എന്നുള്ള കാര്യം ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നത്. അധീർ രഞ്ജൻ ചൗധരി ആ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല എന്ന് ഖാർഗെ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ കോൺഗ്രസും തൃണമൂലും തമ്മിൽ ശക്തമായ വാക്പോര് ആണ് നടന്നു വരുന്നത്. ഇരു പാർട്ടി നേതാക്കളും തമ്മിൽ കുറ്റപ്പെടുത്തലും തർക്കങ്ങളും തുടരുന്നതിനിടയിൽ ആണ് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ഈ പ്രസ്താവന. മമത മുന്നണിയുടെ ഭാഗമാണ്. സഖ്യത്തെ സംബന്ധിച്ച് തീരുമാനിക്കാൻ അധീർ രഞ്ജൻ ചൗധരി ആളല്ല. ഹൈകമാൻഡിന്റെ തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും നിന്നാൽ അവർ പാർട്ടിയിൽ നിന്നും പുറത്തു പോകുമെന്നും ഖാർഗെ സൂചിപ്പിച്ചു.
ഇൻഡി സഖ്യം അധികാരത്തിൽ വന്നാൽ ഉറപ്പായും തൃണമൂൽ കോൺഗ്രസ്സും സഖ്യത്തിന്റെ ഭാഗമായി ഉണ്ടാകും. ഒന്നാം യുപിഎ സർക്കാരിൽ ഇടത് പാർട്ടികളും കോൺഗ്രസിനെ പുറത്തുനിന്നും പിന്തുണച്ചിരുന്നു എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ് എന്നുള്ള അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഖാർഗെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Discussion about this post