ന്യൂഡൽഹി : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിൽ അടയ്ക്കുന്ന കളി പ്രധാനമന്ത്രി കളിക്കരുതെന്ന് കെജ്രിവാൾ വെല്ലുവിളിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആം ആദ്മിയുടെ എല്ലാ നേതാക്കളെയും കൂട്ടി താൻ ബിജെപി ആസ്ഥാനത്തേക്ക് എത്തുമെന്നും പറ്റുമെങ്കിൽ ജയിലിൽ അടച്ചോളൂ എന്നും അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചു.
ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളെയും ജയിലിൽ അടയ്ക്കാൻ ആണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നെയും അതിഷിയെയും എന്റെ പിഎയെയും ജയിലിൽ അടയ്ക്കാനാണ് അവർ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി ഓരോരുത്തരെയായി അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് അറസ്റ്റ് ചെയ്തുകൊള്ളൂ എന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.
കെജ്രിവാൾ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹത്തിന്റെ പിഎയിൽ നിന്നും ക്രൂര പീഡനം ഏറ്റ ആം ആദ്മി നേതാവ് സ്വാതി മലിവാളിനെ കുറിച്ച് ഒന്നും സൂചിപ്പിക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു. അതേസമയം കെജ്രിവാളിന്റെ പി എ ബിഭാവ് കുമാറിന്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളി. ശനിയാഴ്ച ഡൽഹി പോലീസ് ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തു.
Discussion about this post