എറണാകുളം: മലയാള ക്ലാസിക്കുകളിലൊന്നായ ഫാസിൽ ചിത്രം മണിച്ചിത്രത്താഴ് മലയാളികളുടെ ഫേവറേറ്റ് ചിത്രങ്ങളിലൊന്നാണ്. 1993ൽ പുറത്തിറങ്ങിയ ചിത്രം ഇന്നത്തെ ജനറേഷന്റെ ഇടയിലും ഏറെ ആരാധകരെ നേടിയിട്ടുണ്ട്. മണിച്ചിത്രത്താഴ് തീയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു ഹാപ്പി അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഒടിടി പ്ലേ റിപ്പോർട്ട് അനുസരിച്ച് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 12നോ ഓഗസ്റ്റ് 17നോ ചിത്രം വീണ്ടും തീയയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷമേ റി- റിലീസ് തിയതിയിൽ തീരുമാനമാകൂ.
ഇന്നും ടിവിയിൽ വന്നാൽ, മണിച്ചിത്രത്താഴ് കാണാൻ ആളുകൾ നിരവധിയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻ ലാലും സുരേഷ് ഗോപിയും ശോഭനയും സ്‌ക്രീനിലെത്തിയ മണിച്ചിത്രത്താഴ് ദേശീയ- സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. മധു മുട്ടം തിരക്കഥയെഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എംജി രാധാകൃഷ്ണനാണ്. ഈ ഗാനങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്.
Discussion about this post