വാഷിങ്ടണ്‍: അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അനധികൃത കുടിയേറ്റം തടയുന്നതിനായിട്ടാണ് നടപടി. ബുധനാഴ്ച അമേരിക്കയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം മഹത്തായ ദിവസമായിരിക്കുമെന്നും മറ്റുപല വിഷയങ്ങള്‍ക്കുമൊപ്പം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ഉത്തരവിറക്കുമെന്നും ചൊവ്വാഴ്ച രാത്രി ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
മതില്‍ നിര്‍മാണത്തിനുള്ള ഘടന രൂപകല്പനചെയ്യാനായി ഫെഡറല്‍ ഫണ്ടിന് നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ഒപ്പുെവച്ചത്. ഇതുകൂടാതെ വിസ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളിലും അദ്ദേഹം ഒപ്പുവെച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ച ചില നഗരങ്ങളിലെ പ്രാദേശികനേതാക്കളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ ഉത്തരവുകള്‍. ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും ഉത്തരവ് ബാധിക്കും.
നിലവില്‍ അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ സുരക്ഷാവേലിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ 5000 സൈനികരെക്കൂടി നിയമിക്കണമെന്നും സെന്‍ട്രല്‍ അമേരിക്കയിലെ കലാപപ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post