ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരിക്കുമെന്ന് ദ് വീക്ക് ഹാന്‍സ അഭിപ്രായ സര്‍വേ. എന്നാല്‍ അവര്‍ക്ക് കടുത്ത പോരാട്ടം കാഴ്ചവച്ച് സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് കൂട്ടുകെട്ട് തൊട്ടുപിന്നാലെ ഉണ്ടാവും. ബഹുജന്‍ സമാജ് പാര്‍ട്ടി ബഹുദൂരം പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന വ്യാപകമായ അംഗീകാരമാണ് സര്‍വേയില്‍ വെളിപ്പെടുന്ന മറ്റൊരു കാര്യം. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു നല്കിയ വാഗ്ദാനങ്ങളില്‍ മിക്കതും മോദി നിറവേറ്റി എന്നാണ് 61 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ പ്രവചനം. പഞ്ചാബിലും തൂക്കു നിയമസഭയായിരിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരിക്കും. ഗോവയിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി ആയിരിക്കും മുന്നിലെത്തുക.
എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടി ബിജെപിക്കുള്ള പിന്തുണ കുറച്ചുവെന്നാണ് 45% പേര് അഭിപ്രായപ്പെട്ടത്. യുപി, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നവര്ക്ക് ഭരിക്കാന്‍ പുറമേ നിന്ന് പിന്തുണ വേണ്ടി വരും. യുപിയില്‍ 192-196 സീറ്റേ ബിജെപിക്ക് ലഭിക്കുകയുള്ളൂ. ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് 202 എംഎല്‍എമാര്‍ വേണം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 178-182 സീറ്റു ലഭിക്കാം. ബിഎസ്പി 20-24 സീറ്റിലൊതുങ്ങും. യുപിയില്‍ ഓരോ കക്ഷികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടു ശതമാനം ഇങ്ങനെ: ബിജെപി 37%, എസ്പി-കോണ്‍ഗ്രസ് സഖ്യം 33%, ബിഎസ്പി 22%.
പഞ്ചാബില്‍ കോണ്‍ഗ്രസിന് പരമാവധി 51 സീറ്റേ ലഭിക്കൂ. ഭൂരിപക്ഷത്തിന് 59 പേരുടെ പിന്തുണ വേണം. ഇവിടെയും ചെറിയ കക്ഷികളായിരിക്കും ആരു ഭരിക്കണം എന്ന് തീരുമാനിക്കുക. ആംആദ്മി പാര്‍ട്ടി 33-35 സീറ്റു നേടി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നാണ് സര്‍വേ പറയുന്നത്. ഭരണകക്ഷിയായ ശിരാമണി അകാലിദള്‍-ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. സാധ്യത 28-30 സീറ്റിന്.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തെ പുറന്തള്ളി ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും എന്നാണ് സര്‍വേ പറയുന്നത്. 39 സീറ്റ് വരെ അവര്‍ക്ക് ലഭിക്കും. ഭരിക്കാന്‍ വേണ്ടത് 36 സീറ്റാണ്. കോണ്‍ഗ്രസിന് 29 സീറ്റുവരെ ലഭിക്കാം. ഗോവയില്‍ ബിജെപിക്ക് പരമാവധി 19 സീറ്റേ ലഭിക്കൂ എന്നാണ് പ്രവചനം. ഭരിക്കാന്‍ 21 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസിന് 13 സീറ്റു വരെ ലഭിക്കാം. ആംആദ്മി പാര്‍ട്ടിക്ക് പരമാവധി നാലു സീറ്റേ കിട്ടൂ.
ചുരുക്കത്തില്‍ ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കുന്നത് എന്നാണ് സര്‍വേ നല്കുന്ന സൂചന.
Discussion about this post