തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സകല ആരോപണങ്ങളും ശരിവച്ച് ലോ അക്കാദമിക്കെതിരെ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. 50 വര്‍ഷം പാരമ്പര്യമുള്ള മഹത്തായ സ്ഥാപനത്തെ ഇന്നത്തെ ദയനീയാവസ്ഥയിലെത്തിച്ചതിനു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ദുര്‍ഭരണം മാത്രമാണെന്നും ഒന്‍പതംഗ സമിതി ഐക്യകണ്‌ഠ്യേന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
സമിതിയുടെ മറ്റു പ്രധാന കണ്ടെത്തലുകള്‍: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ച ക്യാമറകളില്‍ രണ്ടെണ്ണം സ്വകാര്യതയെ ബാധിക്കുന്നതാണ്.
ഇന്റേണല്‍ മാര്‍ക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിന്‍സിപ്പല്‍ സ്വയം കയ്യാളിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമില്ല. സര്‍വകലാശാല ചട്ടങ്ങള്‍ അട്ടിമറിച്ചാണ് ഇന്റേണല്‍ മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. 50% ഹാജര്‍ മാത്രമുള്ള ഭാവി മരുമകള്‍ക്കു വഴിവിട്ട് കൂടുതല്‍ ഇന്റേണല്‍ മാര്‍ക്ക് അനുവദിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായില്ല. കുട്ടികളോടു അപമര്യാദയായി പ്രിന്‍സിപ്പല്‍ പെരുമാറിയതായി ഓഡിയോ ക്ലിപ്പിങ്ങുകള്‍ വെളിപ്പെടുത്തുന്നു. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ലോ അക്കാദമിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പ്രിന്‍സിപ്പലിന്റെ കെടുകാര്യസ്ഥത മാത്രമാണ് അക്കാദമിയെ ഈ അവസ്ഥയിലെത്തിച്ചത്.
റിപ്പോര്‍ട്ടില്‍ പറയുന്നത്:
ലക്ഷ്മി നായര്‍ അധികാര ദുര്‍വിനിയോഗം നടത്തി.
കോളേജില്‍ മെറിറ്റ് അട്ടിമറിക്കുന്നു.
ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ട്.
വേണ്ടപ്പെട്ടവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കി. ഭാവി മരുമകള്‍ അനുരാധയ്ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. ഈ കുട്ടിക്ക് 50% ഹാജര്‍ ഉണ്ടായിരുന്നില്ല.
അനുരാധയുടെ പരീക്ഷാ ഫലം റദ്ദ് ചെയ്യണം.
ഇന്റേണല്‍ മാര്‍ക്കില്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല.
ലക്ഷ്മി നായരുടെ ഭാവി മരുമകളുടെ നടപടികളും പ്രതിഷേധത്തിനു കാരണം. അനുരാധ പി.നായര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നു.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ക്യാമറകള്‍ സ്വകാര്യതയിലെ കടന്നുകയറ്റം. ഹോസ്റ്റിലിലെ പരിമിതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് പത്തുവരെയായി.
പാരമ്പര്യമുള്ള സ്ഥാപനത്തെ ലക്ഷ്മി നായര്‍ മോശമാക്കി.
രോഗം വന്നവരെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ അനുവദിച്ചില്ല.
ജാതിയും മതവും നിറവും രൂപവുംവരെ വച്ച് വിദ്യാര്‍ഥികളെ ആക്ഷേപിച്ചു.
ലോ അക്കാദമിയില്‍ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ട്. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ സര്‍വകലാശാല നിര്‍ദേശിച്ചിരുന്നവയില്‍ കടകവിരുദ്ധമായ കാര്യങ്ങളാണ് ലോ അക്കാദമിയില്‍ നടക്കുന്നത്.
വീഴ്ചകള്‍ക്കുള്ള പ്രധാന ഉത്തരവാദി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ്. തെറ്റായ ഭരണനടപടികള്‍, ഭരണത്തിലെ വീഴ്ചകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഹാജര്‍ രേഖകള്‍ ഉപസമിതിക്കു നല്‍കിയില്ല. വാഴ്‌സിറ്റി അംഗീകൃത അധ്യാപകരുടെ പട്ടികയും നല്‍കിയിട്ടില്ല.
പ്രിന്‍സിപ്പല്‍ രൂക്ഷമായ, മോശമായ ഭാഷയില്‍ കുട്ടികളോട് സംസാരിക്കുന്നു.
ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേട് നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം ജോണ്‍സണ്‍ എബ്രഹാം ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ ലോ അക്കാദമിയുടെ ഭൂമി പിടിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post