തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ കനത്തതോടെ സിപിഐഎം നേതാക്കളും ലോ അക്കാദമി സമരപന്തലിലെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഐഎം നേതാക്കളുമാണ് സമരപന്തലിലെത്തിയത്. ലോ അക്കാദമി സമരം ക്യാമ്പസ് സമരമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികളുടെ സമരപന്തലിലേക്ക് എത്തിയത്. ലോ അക്കാദമിയിലെ സമരം വിദ്യാഭ്യാസ വകുപ്പും മാനേജ്‌മെന്റും ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ലോ അക്കാദമി പ്രശ്‌നം വിദ്യാര്‍ത്ഥി സമരമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നും മാധ്യമങ്ങളോട് കോടിയേരി ആവശ്യപ്പെട്ടു.
ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിദ്യാര്‍ത്ഥി സമരത്തില്‍ ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യം പ്രിന്‍സിപ്പാളിന്റെ രാജി മാത്രമാണ്. ഭൂമി പ്രശ്‌നത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട. സമരം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
ലോ അക്കാദമി പ്രശ്‌നത്തില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായം സിപിഐഎമ്മിനില്ലെന്നായുരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥി സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ സിപിഐഎമ്മിന് പ്രത്യേകമായ നിലപാടില്ല. ലോ അക്കാദമി പ്രശ്‌നത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്നും കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കാതെ മാറിനിന്നതും ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരോടുള്ള പാര്‍ട്ടിയുടെ മൃദുസമീപനവും സിപിഐഎമ്മിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ത്തി വിട്ടിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ സമയോചിതമായി ഇടപെടാത്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും വിമര്‍ശനമുന്നയിച്ചിരുന്നു. സിപിഐഎം മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരപന്തലിലേക്ക് ആദ്യ ഘട്ടത്തില്‍ തന്നെയെത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോ അക്കാദമി അനധികൃതമായി കയ്യില്‍ വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. സമരത്തിലിടപെടാത്ത സര്‍ക്കാര്‍ നിലപാടിനേയും വിഎസ് വിമര്‍ശിച്ചിരുന്നു.
Discussion about this post