ആലപ്പുഴ: ആലപ്പുഴയില്‍ നഗരമധ്യത്തില്‍ ബംഗാള്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്ത്തകന് പോലീസ് പിടിയിലായി. നെടുമുടി ചെമ്പുംപുറം ഗോമതിഭവനില് ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ടൗണ്‍ ഹാളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് രണ്ടാമത് തയ്യാറാക്കിയ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിച്ചത്. കൂടാതെ ഫോണ്‍ ലോക്കേഷനും നിരീക്ഷണത്തിലായിരുന്നു. ആദ്യം തയ്യാറാക്കിയ രേഖാചിത്രവുമായി പ്രതിക്ക് സാമ്യമുണ്ടായിരുന്നില്ല. അതിനാല്‍, രണ്ടാമതൊരു രേഖാചിത്രംകൂടി പോലീസ് തയ്യാറാക്കി. ഇതുകണ്ട് പ്രതിയെ മനസ്സിലാക്കിയ ഒരാളാണ് പോലീസിന് സൂചന നല്‍കിയത്. തിരിച്ചറിഞ്ഞതു മുതല്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമ്പോള്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചതായി നോര്‍ത്ത് പോലീസ് പറഞ്ഞു.
സംഭവം നടന്ന സ്ഥലത്തെ സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പ്രതി ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍, അത് വ്യക്തമായിരുന്നില്ല. യുവതിയുടെക്കൂടി സഹായത്തോടെ കൂടുതല്‍ വ്യക്തമായ രേഖാചിത്രം തയ്യാറാക്കിയാണ് പോലീസ് കരുക്കള്‍ നീക്കിയത്.
ആലപ്പുഴയിലെ സര്‍ക്കാരിതര പരിസ്ഥിതിസ്ഥാപനത്തില് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്ന ഭൂട്ടാന് സ്വദേശിനിയായ യുവതിക്കെതിരെയായിരുന്നു പ്രതി മാനഭംഗശ്രമം നടത്തിയത്.
Discussion about this post