മുംബൈ: മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. ഫെബ്രുവരി 20 മുതല്‍ 50000 രൂപ വരെ ആഴ്ചയില്‍ പിന്‍വലിക്കാം. നിലവില്‍ പിന്‍വലിക്കാനുള്ള പരിധി ആഴ്ചയില്‍ 24000 രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി.
പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രണ്ട് ഘട്ടമായാണ് പിന്‍വലിക്കുക. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 24,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ കാല് ശതമാനമെങ്കിലും കുറവു വരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിരക്കുകള്‍ അതേപടി നിലനിര്‍ത്തുകയാണ് ആര്‍ബിഐ ചെയ്തത്.
ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടുനയപ്രഖ്യാപനങ്ങളിലും പൊതു പ്രതീക്ഷയ്ക്ക് വിരുദ്ധമായ തീരുമാനങ്ങളാണുണ്ടായത്. ഒക്ടോബറില്‍, നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ച് സമിതി ഞെട്ടിച്ചു. നോട്ടുനിരോധനത്തിനു ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്കുകുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത്തവണ തത്സ്ഥിതി നിലനിര്‍ത്താനായിരുന്നു തീരുമാനം.
റിസര്‍വ് ബാങ്ക് നിരക്കുകുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിനുശേഷം മിക്കബാങ്കുകളും പലിശനിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ ഒരുശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും നിരക്കു കുറയ്ക്കേണ്ടതില്ലെന്ന് ആര്.ബി.ഐ. സമിതി തീരുമാനിക്കുകയായിരുന്നു.
പണപ്പെരുപ്പം നിയന്ത്രണവിധേയമായതും നിക്ഷേപംവര്ധിച്ചതും നിരക്കുകുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
Discussion about this post