കൊച്ചി: എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ ക്യാമ്പസുകളെ മുഴുവനായി ഇടിമുറികളായി പരിവര്‍ത്തിപ്പിച്ചുകൊണ്ടാണെന്ന് വി.ടി ബല്‍റാം എംഎല്‍എ. സ്വാധീനമുള്ള കോളേജുകളില്‍ അവരാദ്യം ചെയ്യുന്നത് മറ്റുള്ള എല്ലാ ആശയക്കാരെയും അടിച്ചമര്‍ത്തിക്കൊണ്ട് ‘റെഡ് ഫോര്‍ട്ട്’ എന്ന ബോര്‍ഡുയര്‍ത്തലാണെന്നും വിടി ബല്‍റാം ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നടന്ന സദാചാര ഗുണ്ടായിസത്തെ തുടര്‍ന്നാണ് ബല്‍റാമിന്റെ വിമര്‍ശനം.
സ്റ്റേജിന്റെ ബാക്കിലേക്ക് വിളിച്ചുവരുത്തിയുള്ള കയ്യൂക്കിന്റെ അപാരതയിലൂടെയല്ല, സ്റ്റേജിനു മുന്നിലെ തുറന്ന ജനാധിപത്യ സംവാദങ്ങളിലൂടെയാണ് നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ടുപോവേണ്ടത് എന്ന് പറയാന്‍ നമുക്കിനിയും വൈകിക്കൂടാ എന്നും ബല്‍റാം പറയുന്നു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശക്തമായ ഒരു ജനാധിപത്യ ചേരി മറുവശത്തുണ്ടാകുമ്പോള്‍ മാത്രമേ കമ്മ്യൂണിസം അല്‍പ്പമെങ്കിലും മനുഷ്യപ്പറ്റ് കാണിക്കാറുള്ളൂ. അപ്പോള്‍ മാത്രമേ ജനാധിപത്യവും മനുഷ്യാവകാശങ്ങളും സഹിഷ്ണുതയും കലയും സാഹിത്യവുമൊക്കെപ്പറഞ്ഞ് ഒരു സാംസ്‌ക്കാരിക മുഖം ഉണ്ടാക്കിയെടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കാറുപോലുമുള്ളൂ. അതല്ലെങ്കില്‍ പൂര്‍ണ്ണമായ ഒരു സമഗ്രാധിപത്യ വ്യവസ്ഥിതി തന്നെയാണ് കമ്മ്യൂണിസത്തിന്റെ ലക്ഷ്യം എന്നാണ് ലോകം മുഴുവനുമുള്ള അനുഭവം. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയയും മാവോയുടെ ചൈനയും കാസ്‌ട്രോയുടെ ക്യൂബയും മുതല്‍ വേരറ്റുപോകുന്നതിനു മുന്‍പുള്ള ബംഗാളും ഇപ്പോഴത്തെ കണ്ണൂരും യൂണിവേഴ്‌സിറ്റി കോളേജും വരെ എതിരാളികളില്ലാത്ത, എതിര്‍ ശബ്ദങ്ങളുയരാത്ത, എതിര്‍ ചിന്തകള്‍ പോലുമുദിക്കാത്ത പൂര്‍ണ്ണ വിധേയത്തമാണ് അവരുടെ പ്രത്യയശാസ്ത്രം. സോഷ്യല്‍ ഫാഷിസത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് കമ്മ്യൂണിസം.
എസ്എഫ്ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ ക്യാമ്പസുകളെ മുഴുവനായി ഇടിമുറികളായി പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ്. സ്വാധീനമുള്ള കോളേജുകളില്‍ അവരാദ്യം ചെയ്യുന്നത് മറ്റുള്ള എല്ലാ ആശയക്കാരെയും അടിച്ചമര്‍ത്തിക്കൊണ്ട് ‘റെഡ് ഫോര്‍ട്ട്’ എന്ന ബോര്‍ഡുയര്‍ത്തലാണ്. ഒന്നും അകത്തേക്കും പുറത്തേക്കും കടക്കാത്ത, ആശയപരമായ കാറ്റും വെളിച്ചവും കടക്കാത്ത ചെങ്കോട്ടകളിലേ അവര്‍ക്ക് ഇന്നത്തെപ്പോലുള്ള പ്രത്യയശാസ്ത്ര വിഡ്ഢികളെ വിരിയിച്ചെടുക്കാന്‍ കഴിയൂ.
സ്റ്റേജിന്റെ ബാക്കിലേക്ക് വിളിച്ചുവരുത്തിയുള്ള കയ്യൂക്കിന്റെ അപാരതയിലൂടെയല്ല, സ്റ്റേജിനു മുന്നിലെ തുറന്ന ജനാധിപത്യ സംവാദങ്ങളിലൂടെയാണ് നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ടുപോവേണ്ടത് എന്ന് പറയാന്‍ നമുക്കിനിയും വൈകിക്കൂടാ.
[fb_pe url=”https://www.facebook.com/vtbalram/posts/10154550750574139?pnref=story” bottom=”30″]
Discussion about this post