ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല എംഎല്‍എമാരെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്നത് ചെന്നൈയിലെ വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ റിസോര്‍ട്ടിലാണെന്ന് സൂചന. എംഎല്‍എമാര്‍ താമസിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് റെഡ്ഡിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. അണ്ണാഡിഎംകെ നേതൃത്വവുമായി വളരെ അടുപ്പമുള്ള ആളാണ് ശേഖര്‍ റെഡ്ഡി.
നോട്ട് അസാധുവാക്കലിനു ശേഷം കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും കൈവശം വെച്ചതിന് സിബിഐയുടെ അറസ്റ്റിലായ വ്യക്തിയാണ് റെഡ്ഡി. ശങ്കര്‍ റെഡ്ഡിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 131 കോടി രൂപയും 177 കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത പണത്തില്‍ പത്ത് കോടി രൂപ രണ്ടായിരം രൂപാ നോട്ടുകളിലായിരുന്നു.
വെല്ലൂരിലെ ഒരു ചെറുകിട കോണ്‍ട്രാക്ടറായി ജോലി ആരംഭിച്ച ശേഖര്‍ റെഡ്ഡിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ആദ്യകാലത്ത് ഡിഎംകെയായി അടുത്ത ബന്ധം പുലര്‍ത്തിയ ശേഖര്‍ റെഡ്ഡി പിന്നീട് അണ്ണാഡിഎംകെ ക്യാമ്പില്‍ എത്തുകയായിരുന്നു. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരില്‍ ഒരാള്‍ കൂടിയാണ് ശേഖര്‍ റെഡ്ഡി. ജയലളിത അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ശേഖര്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദം നല്‍കിയത് വാര്‍ത്തയായിരുന്നു.
എംഎല്‍എമാരെ റിസോര്‍ട്ടില്‍ തടവില്‍ വെച്ചിരിക്കുകയാണെന്നാണ് പനീര്‍ശെല്‍വം ക്യാമ്പിന്റെ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി അണ്ണാഡിഎംകെ എംഎല്‍എമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. ആരുടേയും ഭീഷണിക്കും സമര്‍ദ്ദനത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. ആരും ഉപവാസത്തില്‍ ഇല്ലെന്നും ശശികലയോട് അടുപ്പമുള്ള അഞ്ച് എംഎഎല്‍എമാര്‍ പറഞ്ഞു.
എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടുകളിലേക്ക് മാധ്യമങ്ങളടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ് റിസോര്‍ട്ട്. കൂടാതെ മന്നാര്‍ഗുഡിയില്‍ നിന്നും ബൗണ്‍സര്‍മാരേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
Discussion about this post