ഡല്‍ഹി: നോട്ട് പിന്‍വലിച്ചതില്‍ എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് 15 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മാര്‍ച്ച് 31നകം പരിഹരിക്കപ്പെടുമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. കെ.വി. തോമസ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പി.എ.സി.) മുമ്പാകെയാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി അന്‍ജുലി ചിബ് ദുഗ്ഗല്‍, റവന്യു സെക്രട്ടറി ഡോ. ഹസ്മുഖ് അധിയ എന്നിവരാണ് വെള്ളിയാഴ്ച യോഗത്തില്‍ പങ്കെടുത്തത്. ആര്.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ധനകാര്യ ഉദ്യോഗസ്ഥരെയും പി.എ.സി. വിളിച്ചത്.
ജനത്തിന്റെ ദുരിതം തുടരുകയാണ്. എപ്പോള്‍ സാധാരണനില കൈവരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കണം. പണം ജനത്തിനു സ്വന്തമാണ്. അത് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ല. പിന്‍വലിച്ച നോട്ടുകളില്‍ എത്ര തിരിച്ചുവന്നുവെന്ന് വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പി.എ.സി. അംഗങ്ങള്‍ ഉന്നയിച്ചു. ജനാധിപത്യസംവിധാനത്തില്‍ പതിവില്ലാത്ത തീരുമാനമായിരുന്നു നടപടിയെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന കെ.വി. തോമസ് പറഞ്ഞു. നോട്ട് പിന്‍വലിക്കലിന് ആരാണ് തീരുമാനമെടുത്തത്, കണ്ടെത്തിയ കള്ളപ്പണമെത്ര എന്നിവ വ്യക്തമാക്കണം. അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഡിജിറ്റല്‍ പണമിടപാടിന് പ്രാധാന്യം നല്‍കുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരിച്ചെത്തിയ നോട്ടുകള്‍ ആര്.ബി.ഐ. എണ്ണിത്തിട്ടപ്പെടുത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്കി. നോട്ട് അസാധുവാക്കുന്നതിനെക്കുറിച്ച് 2016 ജനുവരി മുതല്‍ ചര്‍ച്ച തുടങ്ങിയിരുന്നതായും അവര്‍ അറിയിച്ചു.
അതേസമയം നോട്ട് പിന്‍വലിക്കലിനു ശേഷം കള്ളനോട്ടുകടത്ത് അവസാനിച്ചതായി ധനമന്ത്രാലയം പറഞ്ഞു. റെയ്ഡുകളില് നികുതി വകുപ്പ് 515 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 114 കോടി രൂപ പുതിയ നോട്ടുകളാണ്. കണക്കില്‍പ്പെടാതെ സൂക്ഷിച്ച 4172 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 28 വരെയുള്ള കണക്കുകളാണിത്. വ്യാജനോട്ടുകടത്ത് അവസാനിച്ചെന്നത് രഹസ്യാന്വേഷണ ഏജന്‍സികളാണ് അറിയിച്ചത്. നവംബര്‍ എട്ടിനുശേഷം തിരച്ചില്‍, റെയ്ഡ് എന്നിവയടക്കം അനധികൃതപണമിടപാട് കണ്ടെത്താന്‍ 980 നടപടികള്‍ നികുതിവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
Discussion about this post