ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഇന്നു നിര്‍ണായക ദിനം. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കും. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി, മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണു കോടതിയെ സമീപിച്ചത്. എംഎല്‍എമാരെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരും.വൈകിട്ട് അഞ്ചിന് ഡിഎംകെ ആസ്ഥാനത്തു വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലാണു യോഗം.
അതേസമയം, എംഎല്‍എമാരെ പാട്ടിലാക്കാന്‍ വികാരാധീനയായി ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍എമാരോടു സംസാരിക്കവേ കണ്ണീരണിഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നു വ്യക്തമാക്കി. എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാനും തീരുമാനിച്ചു. എന്നാല്‍ ശശികലയുടേതു മുതലക്കണ്ണീരാണെന്നു പനീര്‍സെല്‍വം തിരിച്ചടിച്ചു.
എംഎല്‍എമാര്‍ തടങ്കലിലല്ലെന്നു പറഞ്ഞ ശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു. ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു വിലപോവില്ല. എംജിആറിനു ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണു താനും കടന്നു പോകുന്നത് എന്നു പറഞ്ഞ ശശികല കണ്ണീര്‍ വാര്‍ത്തു. സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ഒരേയൊരു ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബിജെപിയും ഡിഎംകെയുമാണ് ഇതിനു പിന്നില്‍.
എന്നാല്‍, എം.എല്‍എമാര്‍ കൂവത്തൂരില്‍ തടങ്കലിലാണെന്ന് പനീര്‍സെല്‍വം ആരോപിച്ചു. ഒരോരുത്തര്‍ക്കും നാലു പേര്‍ വീതമാണു കാവലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.
പനീര്‍സെല്‍വത്തിന് ഒപ്പമുള്ള എംഎല്‍എമാരും എംപിമാരും:
എംഎല്‍എമാര്‍
. എസ്.പി. ഷണ്‍മുഖനാഥന്‍ (ശ്രീവൈകുണ്ഠം)
. കെ. മാണിക്കം (ഷോളവന്താന്‍)
. വി.സി. ആരുക്കുട്ടി (കവുണ്ടംപാളയം)
. വനിതാ എംഎല്‍എ മനോരഞ്ജിതം (ഉത്തങ്കര)
. എ. മനോഹരന്‍ (വസുദേവനല്ലൂര്‍)
. കെ. പാണ്ഡ്യരാജന്‍ (വിരുദുനഗര്‍)
. ഡി. ജയകുമാര്‍
ലോക്‌സഭാംഗങ്ങള്‍
. പി.ആര്‍. സുന്ദരം (നാമക്കല്‍)
. അശോക് കുമാര്‍ (കൃഷ്ണഗിരി)
. സത്യഭാമ (തിരുപ്പൂര്‍)
. ജയസിങ് ത്യാഗരാജ് നട്ടര്‍ജി (തൂത്തുക്കുടി)
. സെങ്കുട്ടുവന്‍ (വേലൂര്‍)
. ആര്‍.പി. മരുതുരാജ (പെരുമ്ബള്ളൂര്‍)
. ആര്‍. വനറോജ (തിരുവണ്ണാമലൈ)
. എസ്. രാജേന്ദ്രന്‍ (വില്ലുപുരം)
. ആര്‍. പാര്‍ഥിപന്‍ (തേനി)
രാജ്യസഭാംഗങ്ങള്‍
. വി. മൈത്രേയന്‍
. ശശികല പുഷ്പ
. ആര്‍.ലക്ഷ്മണന്‍
Discussion about this post