ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ട ശശികല ബംഗളൂരുവിലെ ജയിലിലേയ്ക്ക് പുറപ്പെട്ടതിന് പിന്നാലെ അവര്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂരിലെ റിസോര്‍ട്ട് പോലീസ് വളഞ്ഞു. റിസോര്‍ട്ടിനു വെളിയില്‍ കാവല്‍ നിന്നിരുന്ന 40 ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു.
ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ എംഎല്‍എമാരും കാഞ്ചീപുരം എസ്.പിയും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ശരവണന് എംഎല്‍എയുടെ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാതെ ശശികലയ്ക്കും എടപ്പാടി പളനിസാമിക്കും എതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ പോലീസ് സംഘത്തിനു നേരെ തട്ടിക്കയറിയത്. വാക്കേറ്റത്തിനൊടുവില്‍ പോലീസും കമാന്റോകളും റിസോര്‍ട്ടിനുള്ളില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്.
ശശികലയെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. എംഎല്‍എമാരെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയതിനെ തുടര്‍ന്ന് പോലീസും എംഎല്‍എമാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാലു മണിക്കകം റിസോര്‍ട്ട് ഒഴിയണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍, ഇതിനെ എം.എല്‍.എമാര്‍ ചോദ്യം ചെയ്തു.
ഉടന്‍ തന്നെ റിസോര്‍ട്ട ഒഴിയാന്‍ പോലീസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം ബലം പ്രയോഗിക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ റിസോര്‍ട്ട് വിടാന്‍ കൂട്ടാക്കാതെ ഇവിടെ തുടരുകയാണ് എംഎല്‍എമാര്‍. എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മധുര സൗത്ത് എംഎല്‍എ ശരവണന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘമാണ് റിസോര്‍ട്ടില്‍ പ്രവേശിച്ചത്.
പരിശോധനയ്ക്കിടെ റിസോര്‍ട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരും എംഎല്‍എമാരുമായി വാക്കേറ്റമുണ്ടായി. പരാതി വ്യാജമാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം പിന്‍വാങ്ങി. ശരവണന്റെ പരാതിയില്‍ പോലീസ് എംഎല്‍എമാരുടെ മൊഴിയെടുക്കുന്നുണ്ട്. റിസോര്‍ട്ടിലെ ക്യാമ്പില്‍ നിന്നും പുറത്തെത്തിയ ആളാണ് ശരവണന്. വേഷം മാറി മതില് ചാടിയാണ് താന്‍ ഇവിടെനിന്ന് രക്ഷപ്പെട്ടതെന്ന് ശരവണന് അവകാശപ്പെട്ടിരുന്നു.
വന്‍ സന്നാഹത്തെയാണ് റിസോര്‍ട്ടിന് പുറത്ത് വിന്യസിച്ചിരിക്കുന്നത്. ഉത്തരമേഖലാ ഐഡിയും സ്ഥലത്തെത്തിയിട്ടുണ്ട്. എംഎല്‍എമാര്‍ ഒഴികെയുള്ളവരെ റിസോര്‍ട്ടില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. രാവിലെ ഇവിടെനിന്ന് 40 പേരെ അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.
അതേസമയം, റിസോര്‍ട്ടിനു വെളിയില്‍ ഇപ്പോഴും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post