കോഴിക്കോട് : ശബരിമലയിൽ കയറിയതിനാൽ ഇപ്പോഴും തനിക്കെതിരെയുള്ള അവഗണന തുടരുകയാണെന്ന് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി. കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകളിലാണ് തന്നെ കയറ്റാത്തത്. കൃതിക എന്ന ബസിന്റെ പേര് എടുത്തുപറഞ്ഞാണ് ആരോപണം.
മറ്റൊരു യാത്രക്കാരി കൈ കാണിച്ച് ബസ് നിർത്തിയതാണ്. എന്നാൽ താൻ ബസിൽ കയറാൻ പോയപ്പോൾ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു പോവുകയാണ് ഉണ്ടായത്. തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിൽ കോഴിക്കോട് റൂട്ടിൽ ഓടുന്ന കൃതിക എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് കൂടി എന്നും ഇവർ പോസ്റ്റിൽ പറയുന്നു.
”പൊയിൽകാവ് ബസ് സ്റ്റോപ്പിൽ മറ്റൊരു യാത്രക്കാരി കൈ കാണിക്കുകയും ബസ് നിർത്തുകയും ചെയ്തു. ഈ സമയം ഞാൻ ബസിൽ കയറാനായി തിരിഞ്ഞപ്പോൾ എന്നെ മനസ്സിലായ ഡ്രൈവർ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു പോവുകയാണ് ഉണ്ടായത്. എന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരിൽ ഒരാളെ അറിയുന്ന ഡ്രൈവർ ആയിരുന്നു. അവർ അത് പറയുകയും ചെയ്തു. അവരെ കണ്ടിട്ട് കൂടി ആയിരിക്കാം ബസ് നിർത്തിയത്.
അപ്പോൾ ഞാൻ അവരോടു പറഞ്ഞു നിങ്ങളെ അറിയുന്നതിനെക്കാൾ കൂടുതൽ ആണ് അവർക്കു എന്നോട് ഉള്ള ശത്രുത. പിന്നെ ഇങ്ങനെ ഉള്ള അനീതിക്കെതിരെ ഞാൻ കോടതിയിലേക്ക് പോകണം എന്ന് പറയുന്നവരോട്, അങ്ങനെ എങ്കിൽ എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയിൽ പോകേണ്ടതായി വന്നേക്കാം. അതിന് അനുകൂലമായ സാഹചര്യങ്ങളിലൂടെ അല്ല ഞാൻ കടന്നു പോകുന്നത്.”











