ബഹിരാകാശം വെട്ടിപ്പിടിക്കാനുള്ള ചൈനയുടെ മത്സരയോട്ടം കാരണം മറ്റ് രാജ്യങ്ങള്‍ക്കും പരിസ്ഥിതിയ്ക്കും ബഹിരാകാശത്തിനുമൊക്കെ വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്നുവെന്ന വിമര്‍ശനമുണ്ടാകാറുണ്ട്. കാരണം വളരെ നിരുത്തരവാദപരമായാണ് ചൈന എപ്പോഴും ബഹിരാകാശ ദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് . 2007ല്‍ ചൈന നടത്തിയ ഉപഗ്രഹവേധ ടെസ്റ്റ് തന്നെ എടുത്താല്‍ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് കാണാം. അന്ന് ബഹിരാകാശ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു. മൂവായിരത്തിലധികം കഷണങ്ങള്‍ ബഹിരാകാശ മാലിന്യം ഇതുമൂലം ഉടലെടുത്തു.
ഈയാഴ്ച ചൈന 18 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനായി വിക്ഷേപിച്ച റോക്കറ്റ് ഭാഗം പൊട്ടിത്തെറിച്ചത് 700 ബഹിരാകാശ മാലിന്യങ്ങള്‍ സൃഷ്ടിച്ചു. ആണവമാലിന്യ ഭീഷണിക്കു പുറമേ ആയിരത്തോളം ഉപഗ്രഹങ്ങളുടെ സുരക്ഷയും ഭീഷണിയിലാണ്. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്കിനെ ചെറുക്കാനായി പുതിയ ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖല സ്ഥാപിക്കാനായാണ് ചൈന പുതിയ വിക്ഷേപണം നടത്തിയത്.
സ്‌പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ലോഹനിര്‍മിതമായ ഉപഗ്രഹങ്ങള്‍ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങള്‍ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.
ചൈന ബഹിരാകാശ വിക്ഷേപണത്തിനായി ഉപയോഗിച്ച ലോങ് മാര്‍ച്ച് റോക്കറ്റുകളില്‍ പലതിന്റെയും ഭാഗങ്ങള്‍ തകര്‍ന്നു വീണും മറ്റും അപകടങ്ങളുണ്ടാകാറുണ്ട്. 2018ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശനിലയത്തിന്റെ ഭാഗം തകര്‍ന്നു ഭൂമിയില്‍ വീഴുമെന്ന് വലിയ ആശങ്ക ഉടലെടുത്തിരുന്നു. 2022ല്‍ ലോങ് മാര്‍ച്ച് റോക്കറ്റിന്റെ ഭാഗം പല രാജ്യങ്ങളില്‍ വീഴുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അവസാനം ഡിയഗോ ഗാര്‍സിയയ്ക്കു സമീപം വീണതിനാല്‍ അപകടം ഒഴിവായി.
Discussion about this post