തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ. രാവിലെ 10.30 യോടെ രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നൽകിയിരിക്കുന്ന നിർദ്ദേശം. ലൈഫ് മിഷൻ കോഴക്കേസിൽ ഇത് രണ്ടാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
കൊച്ചിയിലെ ഇഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. എന്നാൽ ഇന്ന് ഹാജരാകുമോയെന്നത് സംബന്ധിച്ച് രവീന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ നിന്നും രവീന്ദ്രൻ ഒഴിഞ്ഞ് മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വീണ്ടും നോട്ടീസ് നൽകിയത്.
നിയമസഭാ സമ്മേളനം കാരണമായി ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ തവണ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. എന്നാൽ ഇന്നലെ പിരിഞ്ഞ സഭ ഇനി അടുത്ത ആഴ്ചയേ വീണ്ടും സമ്മേളിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഒഴിവുകഴിവ് പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ കഴിയില്ല.
ലൈഫ് മിഷൻ കോഴക്കേസിലെ പ്രതിയായ എം ശിവശങ്കറിനൊപ്പമിരുത്തിയാകും രവീന്ദ്രനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. സ്വപ്‌നയുമായി ശിവശങ്കർ നടത്തിയ വാട്‌സ് ആപ്പ് ചാറ്റിൽ രവീന്ദ്രനെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഇതിലുൾപ്പെടെ വ്യക്ത തേടുന്നതിന് ആണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്ത് കേസിൽ നാലോളം തവണ നോട്ടീസ് നൽകിയ ശേഷമായിരുന്നു രവീന്ദ്രൻ ഹാജരായത്.












