തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ അറിയിച്ചത്. രാവിലെ എട്ട് മണിയോടെ സിഎം രവീന്ദ്രൻ നിയമസഭയിൽ എത്തി.
ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് രവീന്ദ്രൻ നൽകിയ വിശദീകരണത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10 മണിയ്ക്ക് ഹാജരാകാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപുതന്നെ അന്വേഷണ സംഘം നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷം മറുപടി നൽകാതെ ഹാജരാകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആണ് രവീന്ദ്രന്റെ നിർണായക നീക്കം.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറും ചേർന്ന് നടത്തിയ വാട്‌സ് ആപ്പ് ചാറ്റിൽ രവീന്ദ്രനെക്കുറിച്ച് നിർണായകമായ ചില പരാമർശങ്ങളുണ്ട്. ഇതിൽ വ്യക്തത തേടുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനൊപ്പമിരുത്തി വിവരങ്ങൾ തേടുകയായിരുന്നു ഇഡിയുടെ ഉദ്ദേശ്യം. ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മറ്റൊരു ദിവസം രവീന്ദ്രനെ വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
നേരത്തെ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ടും സമാന അനുഭവമായിരുന്നു ഇഡിയ്ക്ക് ഉണ്ടായത്. കേസിൽ പല തവണ ഓരോരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു.












