മുംബൈ: രാജ്യത്തെ ആദ്യ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് മുംബൈയിൽ സർവ്വീസ് തുടങ്ങി. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് നരിമാൻ പോയിന്റ് വരെയാണ് ബസ് സർവ്വീസ് നടത്തുന്നത്.
ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം, യാത്രാകാർഡുകൾ സ്വീപ്പ് ചെയ്യാനുളള സംവിധാനം, മുകൾനിലയിലേക്ക് കയറാൻ രണ്ടിടത്തായി കോണിപ്പടികൾ തുടങ്ങിയ മികച്ച യാത്രാസൗകര്യങ്ങളോടെയാണ് സർവ്വീസ് ആരംഭിച്ചത്. ബ്രിഹാൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്)ആണ് മുംബൈയിൽ ഇലക്ട്രിക് ഡബിൾ ഡെക്കർ ഇറക്കിയത്. സ്വിച്ച് മൊബിലിറ്റി ആണ് ബസുകൾ നിർമിച്ചത്.
രാവിലെ 8.45 ന് ഛത്രപതി ശിവജി ടെർമിനസിൽ നിന്നും യാത്ര തുടങ്ങിയ ബസിൽ മധുരം നൽകിയാണ് ആദ്യ യാത്രക്കാരെ സ്വീകരിച്ചത്. ലണ്ടൻ പോലുളള നഗരങ്ങളിൽ മാത്രമേ ഇത്തരം ബസുകൾ കണ്ടിട്ടുളളൂവെന്നും ഉളളിൽ കയറുമ്പോൾ ഒരു അന്താരാഷ്ട്ര നഗരത്തിലെത്തിയ ഫീൽ ആണ് നൽകുന്നതെന്നും യാത്രക്കാർ പറയുന്നു. വിദ്യാർത്ഥികളും ഓഫീസ് യാത്രക്കാരും ഉൾപ്പെടെ നിരവധി പേർ ബസിനെ ആശ്രയിച്ചു. ചലോ കാർഡ് ഉപയോഗിച്ച് സ്വീപ്പിംഗ് മെഷീൻ വഴി ചെക്ക് ഇൻ ചെക്ക് ഔട്ട് ചെയ്ത് യാത്ര ചെയ്യാനും സംവിധാനമുണ്ട്.
സർവ്വീസ് വിജയമായതോടെ വരുന്ന ആഴ്ചകളിൽ നഗരത്തിന്റെ മറ്റ് മേഖലകളിലും ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ ഇറക്കാനുളള നീക്കത്തിലാണ് ബെസ്റ്റ്. ചർച്ച്‌ഗേറ്റിൽ നിന്നും കുർള, കൊളാബ എന്നിവിടങ്ങളിൽ നിന്നും സർവ്വീസുകൾ ആരംഭിക്കുമെന്ന് ബെസ്റ്റ് വക്താവ് മനോജ് വരാദെ പറഞ്ഞു. കൂടുതൽ റൂട്ടുകളിൽ ബസുകൾക്കായി ആവശ്യം ഉയർന്നിട്ടുണ്ടെന്ന് ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു.
Discussion about this post