ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തുന്ന സിആർപിഎഫ് ജവാന്മാർക്ക് സുരക്ഷയുടെ കവചമായി സിഎസ്ആർ വാഹനങ്ങൾ. ബോംബുകളെയും വെടിയുണ്ടകളെയും പ്രതിരോധിക്കുന്ന ക്രിട്ടിക്കൽ സിറ്റുവേഷൻ റെസ്‌പോൺസ് വെഹിക്കിൾ ആണ് ഇപ്പോൾ സേനയുടെ ഭാഗമായിരിക്കുന്നത്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ വാഹനങ്ങൾ സിആർപിഎഫിന്റെ കശ്മീരിലെ ഭീകര വിരുദ്ധ നീക്കങ്ങൾ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പാണ്.
ഭീകരരെ നേരിടാൻ സധൈര്യം ഇറങ്ങിത്തിരിക്കുന്നവരാണ് നമ്മുടെ ജവാന്മാർ. നാടിനെ കാക്കുന്ന ഇവരുടെ ജീവന് കൂടുതൽ സുരക്ഷ നൽകുകയാണ് സിഎസ്ആർ വാഹനങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ ലക്ഷ്യം. സിആർപിഎഫിന്റെ കീഴിലുള്ള റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിംഗാണ് വാഹനങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഭീകരർ പതിയിരിക്കുന്ന എവിടേയ്ക്കും അത് വീടിനുള്ളിലാണെങ്കിൽപോലും കടന്നു ചെന്ന് നേരിടാമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഹൈഡ്രോളിക് സംവിധാനമാണ് സിഎസ്ആർ വാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫോർ ഗ്രേഡ് ബുള്ളറ്റ് പ്രൂഫിംഗ് ഉപയോഗിച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉഗ്രസ്‌ഫോടനത്തിൽ നിന്നും ഇത് സൈനികർക്ക് സംരക്ഷണം നൽകുന്നു. സിഎസ്ആറിന്റെ മുൻ ഭാഗത്തായി ഒരു ഹാമർ ഘടിപ്പിച്ചിട്ടുണ്ട്. രഹസ്യതാവളങ്ങൾ തകർത്ത് ഭീകരരെ പുറത്തു ചാടിയ്ക്കാൻ ഈ സംവിധാനം സഹായിക്കും. മോട്ടോർ ട്രാൻസ്‌പോർട്ട് ഡയറക്ടറേറ്റിന്റെ സ്‌പെഷ്യൽ വെഹിക്കിൾസ് ബ്രാഞ്ചിന്റെ സഹായത്തോടെയാണ് വാഹനത്തിന്റെ നിർമ്മാണം. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തന്നെ ജീവന് സുരക്ഷ നൽകുന്ന സംവിധാനം നിർമ്മിക്കാനുള്ള ആലോചനകൾ സിആർപിഎഫ് ആരംഭിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളായി സിആർപിഎഫിനെ കൂടുതൽ കരുത്തരാക്കുന്ന ശ്രമങ്ങളാണ് കേന്ദ്രസർക്കാർ തുടരുന്നത് ഇതിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങളും നിരീക്ഷണ സവിധാനങ്ങളുമൊക്കെ തന്നെ സിആർപിഎഫിന്റെ ഭാഗമായി കഴിഞ്ഞു. ഇതിന് പിന്നാലെ പുതിയ സിഎസ്ആർ വാഹനങ്ങൾ കൂടി എത്തുന്നതോടെ വർദ്ധിത വീര്യത്തോടെ ഭീകരർക്കതിരെ പോരാടാൻ സിആർപിഎഫ് ജവാന്മാർക്ക് സാധിക്കും.













Discussion about this post