പ്രകൃതിയിലുണ്ടാകുന്ന നേരിയമാറ്റങ്ങള്‍ പോലും മനുഷ്യരെ ബാധിക്കുമോ? തീര്‍ച്ചയായും മനുഷ്യരുടെ ജീവിതത്തില്‍ ഇത് വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ കണ്ടെത്തലുകളെ ഊട്ടിയുറപ്പിക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ചര്‍ച്ചാവിഷയം. കഴുകന്മാര്‍ പൊതുവേ കാണുന്ന ഏവരിലും അറപ്പും ഭയവുമൊക്കെ ഉളവാക്കുന്ന ജീവികളാണ്. ഇവര്‍ കാക്കയെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ശുചീകരണജോലിക്കാരാണ്.
കന്നുകാലികളുടേയടക്കം മൃതശരീരങ്ങളാണ് കഴുകന്‍മാരുടെ പ്രധാന ഭക്ഷണസ്രോതസ്സ് ഈ കഴുകന്‍മാരുടെ നാശം രോഗാണുക്കളും ബാക്ടീരിയകളും മനുഷ്യരിലേക്ക് പടരാന്‍ കാരണമാവുന്നുവെന്ന് ചിക്കാഗോ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ഇയാന്‍ ഫ്രാങ്ക് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഗവേഷകരുടെ പഠനം.
മനുഷ്യരുടെ ആമാശയത്തേക്കാള്‍ നൂറ് മടങ്ങ് കൂടുതല്‍ അസിഡിറ്റിയുള്ള കഴുകന്റെ ആമാശയം മൃഗങ്ങളുടെ ശരീരങ്ങള്‍ ഭക്ഷിക്കുമ്പോള്‍ എളുപ്പത്തില്‍ ദഹിപ്പിക്കാനുള്ള കഴിവ് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തിനൊപ്പം ഇവയുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയകള്‍ക്ക് അതിജീവിക്കാന്‍ കഴിയാറില്ല.
ഒരുകാലത്ത് അഞ്ച് കോടിക്കടുത്ത് കഴുകന്‍മാര്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ 1990-കളുടെ പകുതിയാവുമ്പോഴേക്കും ഇതില്‍ 95 ശതമാനത്തോളവും കുറഞ്ഞുപോയി. ഇന്ന് വംശനാശ പട്ടികയിലാണ് ഈ പക്ഷിവര്‍ഗ്ഗം പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വൃക്ക തകര്‍ന്നുള്ള അജ്ഞാതരോഗം ബാധിച്ചാണ് ഇവയുടെ നാശമെന്നാണ്.
ഡൈക്ലോഫെനാക് അടക്കമുള്ള മരുന്നുകളുടെ അമിതോപയോഗം മൃഗങ്ങളില്‍ നടക്കുന്നുവെന്നും അത് ഇവയുടെ മാംസം ഭക്ഷിക്കുന്ന കഴുകന്‍മാരുടെ ദഹനപ്രക്രിയയെ ബാധിച്ചുവെന്നും ഗവേഷകര്‍ കണ്ടെത്തി. 2000-ത്തോടെയാണ് കഴുകന്‍മാരുടെ എണ്ണം രാജ്യത്ത് വലിയ രീതിയില്‍ കുറഞ്ഞുവന്നത്. ഇതോടെ ഇവയെ വംശനാശ ഭീഷണിപ്പട്ടികയില്‍ ഐ.യു.സി.എന്‍.(ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍) ഉള്‍പ്പെടുത്തുകയും ചെയ്തു.
കഴുകന്‍മാരുടെ എണ്ണം ഗണ്യമായ തോതില്‍ കുറഞ്ഞതോടെ ഇവ നിര്‍വഹിച്ചിരുന്ന ശുചീകരണ ജോലികളും അപ്രത്യക്ഷമായി. ഇതോടെ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പൊതു ഇടങ്ങളില്‍ തള്ളപ്പെടുന്ന അവസ്ഥയുമുണ്ടായി. മൃതദേഹങ്ങള്‍ ഭക്ഷിക്കാന്‍ കഴുകന്‍മാര്‍ എത്താതിരുന്നതോടെ എലികളേയും പട്ടികളേയും പോലുള്ളവ വലിയ രീതിയില്‍ പെറ്റ് പെരുകി.
ജഡാവശിഷ്ടങ്ങള്‍ ജലാശയങ്ങളിലടക്കം തള്ളുന്ന അവസ്ഥയുണ്ടായതോടെ ഇത് ബാക്ടീരയകളുടേയും മറ്റ് രോഗാണുക്കളുടേയും പ്രധാന കേന്ദ്രമായി മാറി. ഇതോടെ ഈ ജലാശയങ്ങളും മറ്റും ഉപയോഗിക്കുന്ന ജനങ്ങളിലേക്ക് വിവിധ രോഗം പടരാനും കാരണമായി. ഇതിന്റെ ഫലമായി വിവിധ രോഗം ബാധിച്ച് മരിക്കുന്ന ജനങ്ങളുടെ എണ്ണം വര്‍ഷത്തില്‍ ഒരു ലക്ഷം എന്നരീതിയില്‍ അധികമായി വര്‍ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് 2000 മുതല്‍ 2005 വരെയുള്ള അഞ്ചു വര്‍ഷത്തിനിടെ മാത്രം അഞ്ചു ലക്ഷം അധിക മരണമുണ്ടായെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യന്‍ കഴുകന്മാരെ ശരിയായ എണ്ണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിനിനിയും കാലങ്ങള്‍ വേണ്ടി വന്നേക്കാം.
Discussion about this post