അമരാവതി: മുഖ്യമന്ത്രിയെയും ഭാവി മുഖ്യമന്ത്രിയെയും മലർത്തിയടിച്ച് തെലങ്കാനയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപിയുടെ കെവിആർ എന്ന കാട്ടിപ്പള്ളി വെങ്കട്ട രമണ റെഡ്ഡി.
തെലങ്കാനയിൽ മുഖ്യമന്ത്രിയും ബിആർഎസ് മേധാവിയുമായ കെ ചന്ദ്രശേഖർ റാവുവും (കെസിആർ) സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന എ രേവന്ത് റെഡ്ഡിയും ജനവിധി തേടിയ മണ്ഡലമാണ് കാമറെഡ്ഡി. ഈ മണ്ഡലമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ വെങ്കട്ട രമണ സ്വന്തമാക്കിയത്.
കണക്കുകൾ പ്രകാരം വെങ്കട്ട രമണ റെഡ്ഡി 53,261 വോട്ടുകൾ നേടിയപ്പോൾ കെസിആർ 50,169 വോട്ടുകളാണ് നേടിയത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ മത്സരത്തിൽ മുന്നിട്ടുനിന്ന രേവന്ത് റെഡ്ഡി ഇപ്പോൾ 48,082 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്.
അതേസമയം, ഗജ്വേലിൽ കെസിആർ ലീഡ് ചെയ്യുന്നുണ്ട്. മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കൊടങ്കലിൽ രേവന്ത് റെഡ്ഡി വിജയിക്കുകയും ചെയ്തു. ഇരു നേതാക്കളും അട്ടിമറി മുന്നിൽ കണ്ട് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ലെങ്കിൽ തെലങ്കാനയുടെ രാഷ്ട്രീയ ചിത്രം തന്നെ മാറിയേനെ.
119 അംഗ നിയമസഭയിൽ 70 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 36 സീറ്റുകളിൽ ബിആർഎസ് മാത്രമാണ് ലീഡ് ചെയ്യുന്നത്.
Discussion about this post