തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും. സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറും തമ്മിൽ നടത്തിയ വാട്‌സ് ആപ്പ് ചാറ്റകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിപ്പിക്കുന്നത്.
കോഴക്കേസിലെ പ്രധാന പ്രതിയായ ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് രവീന്ദ്രന് ഉള്ളത്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രവീന്ദ്രന്റെ പക്കൽ നിന്നും ലഭിക്കുമെന്ന വിലയിരുത്തലിലാണ് ഇഡി. കേസിലെ മറ്റൊരു പ്രധാന പ്രതിയാണ് സിഎം രവീന്ദ്രനെന്ന് സ്വപ്‌ന സുരേഷും വെളിപ്പെടുത്തിയിരുന്നു. രവീന്ദ്രനെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യണം. ചോദ്യം ചെയ്താൽ ഈരാളുങ്കൽ സൊസൈറ്റിയുടേതുൾപ്പെടെയുളള തട്ടിപ്പുകൾ പുറത്തുവരുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം ഇടപാട് കേസിൽ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. നിരവധി തവണ വിളിപ്പിച്ചതിന് ശേഷമായിരുന്നു രവീന്ദ്രൻ ഇഡിയ്ക്ക് മുൻപിൽ ഹാജരായത്. കൊറോണയും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു. കേസിൽ ഹാജരായപ്പോൾ 13 മണിക്കൂറോളമാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
Discussion about this post