ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യ വിമാനം മണിക്കൂറുകൾക്കകം ഡൽഹിയിലെത്തും. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഓപ്പറേഷൻ കാവേരി എന്ന പ്രത്യേക രക്ഷാദൗത്യത്തിന്റെ കരുതലിലാണ് ആദ്യ സംഘം യുദ്ധമുഖത്ത് നിന്ന് മാതൃരാജ്യത്തേക്ക് തിരികെ എത്തുന്നത്.
കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ നേരത്തെ 500 ലധികം ഇന്ത്യക്കാര സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. ഇതിൽ 367 ഇന്ത്യൻ പൗരന്മാരാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 ഇന്ന് രാത്രി 9 മണിയോടെ ഡൽഹിയിലെത്തും.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. പൗരന്മാരുടെ വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ 360 ലധികം ഇന്ത്യക്കാരെ ജിദ്ദ എയർപോർട്ടിൽ നിന്ന് യാത്രയാക്കിയതിൽ സന്തോഷമുണ്ട്, അവർ ഉടൻ തന്നെ മാതൃരാജ്യത്ത് എത്തും, ഓപ്പറേഷൻ കാവേരിയുടെ കീഴിൽ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കും. സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നേവിയുടെ ഐഎൻഎസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. മൂന്ന് സംഘങ്ങളായാണ് ഇവരെ സുഡാനിൽ നിന്നും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചത്. വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.
Discussion about this post